മാരാമണ്‍ കണ്വന്ഷന് പന്തലിന്റെ കാല്‍നാട്ട് നടന്നു
1493246
Tuesday, January 7, 2025 6:57 AM IST
മാരാമൺ: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനുവേണ്ടി പന്പാ മണൽപ്പുറത്തു നിർമിക്കുന്ന പന്തലിന്റെ കാല്‍നാട്ടു കർമം മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ മാരാമണ്‍ മണല്‍പ്പുറത്താണ് കൺവൻഷനു വേദിയൊരുങ്ങുക. ഒരുലക്ഷം പേരേ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിർമാണത്തിനാണ് പമ്പാ നദിയുടെ തീരത്തെ മണല്‍ത്തിട്ടയില്‍ തുടക്കം കുറിച്ചത്. പരന്പരാഗതമായ രീതിയിൽ തെങ്ങിൻ കഴകളും ഓലയും ഉപയോഗിച്ചുള്ള പന്തലാണ് നിർമിക്കുക.
കുട്ടപ്പന്തലും മണൽപ്പുറത്തെ ഷെഡുകളും സമാനമായ രീതിയിൽ തയാറാക്കും. പമ്പാനദിക്കു കുറുകെ താത്കാലിക നടപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. മാരാമൺ, തോട്ടപ്പുഴേശരി കരകളിൽനിന്നായി മൂന്നു പാലങ്ങളാണ് പന്പാ മണൽപ്പുറത്തേക്ക് നിർമിക്കുന്നത്.