അനധികൃത മൂന്നക്ക ലോട്ടറി കച്ചവടം: പോലീസ് റെയ്ഡില്‍ ദമ്പതികള്‍ അറസ്റ്റില്‍
1492933
Monday, January 6, 2025 4:03 AM IST
പത്തനംതിട്ട: സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയില്‍ കണ്ടെത്തി. കോയിപ്രം പോലീസ് നടത്തിയ റെയ്ഡില്‍ കട നടത്തിപ്പുകാരനും ഭാര്യയും പിടിയില്‍.
പലസ്ഥലങ്ങളില്‍ ശാഖകളുള്ള ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് തുരുത്തിക്കാട് ഇലവുങ്കല്‍ പാഴൂര്‍ വീട്ടില്‍ ബിനു ചെറിയാന് (47), ഭാര്യ സ്മിത ബിനു (40) എന്നിവരെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
ലോട്ടറി നിയമം ലംഘിച്ച് സര്‍ക്കാരിനു നികുതി അടയ്ക്കാതെ അമിത ആദായമുണ്ടാക്കി അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു ഇവരെന്നു പോലീസ് പറഞ്ഞു. ബിനു വാടകയ്ക്കെടുത്ത കടമുറിയിലാണ് കച്ചവടം നടന്നുവന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വെണ്ണിക്കുളത്തെ ലോട്ടറി കടയില്‍ പോലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം തിരുവല്ല കവിയൂരില്‍ ഇത്തരത്തില്‍ അനധികൃത മൂന്നക്ക ലോട്ടറിക്കച്ചവടം നടത്തിയ രണ്ടുപേരെ പിടികൂടിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് പുറമറ്റത്തും റെയ്ഡ് നടത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയില്‍ ഫലം നിര്‍ണയിക്കുകയും പണം നല്‍കുകയും ചെയ്ത് അനധികൃതമായി ലാഭം കൊയ്തുവരികയായിരുന്നു.
സാധാരണ രീതിയിലുള്ള ലോട്ടറിക്കച്ചവടവും ഇവിടെ നടക്കുന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകളും, കടയുടെ തട്ടിനടിയില്‍ മൂന്നക്ക നമ്പരുകളും എണ്ണവും രേഖപ്പെടുത്തിയ ഡയറിയും കടലാസുകളും, മേശക്കുള്ളിലും ബാഗിലുമായി സൂക്ഷിച്ച 16,457 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പരിശോധനയില്‍ പിടിച്ചെടുത്തു.
ഇത്തരത്തില്‍ ലോട്ടറി വകുപ്പിന്റെ നിയമത്തിനു വിരുദ്ധമായി സര്‍ക്കാര്‍ നികുതി അടയ്ക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ച് ചൂതുകളിയിലൂടെ അമിതലാഭമുണ്ടാക്കുന്നവര്ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.