ശബരിമല മകരവിളക്ക് : വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കുറയ്ക്കും
1493373
Wednesday, January 8, 2025 4:03 AM IST
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിലേക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തുമെന്ന് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്.
12ന് - 60, 000, 13ന് - 50,000, 14ന് - 40,000 എന്നിങ്ങനെയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിജപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം തീര്‍ഥാടകര്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു. സ്പോട്ട് ബുക്കിംഗിനെ സംബന്ധിച്ച അന്തിമ തീരുമാനം എത്തിയിട്ടില്ല.
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ച നവംബര്‍ 15 മുതല്‍ കഴിഞ്ഞ അഞ്ചുവരെ 39, 02, 610 അയ്യപ്പഭക്തര്‍ ദര്‍ശനം നടത്തി, മുന്‍വര്‍ഷം ഇതേ കാലയളവില്‍ 35, 12, 691 ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. മകരവിളക്ക് സീസണ് തുടങ്ങിയ ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ചുവരെ 6,22,849 പേര് ദര്‍ശനം നടത്തി.
മകരജ്യോതിദിനമായ 14 നുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ഒരുക്കങ്ങള്‍ പോലീസ് നടത്തിവരുന്നു. 10 മുതല്‍ ഭക്തര്‍ ജ്യോതി കാണുന്നതിനായി പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുന്ന പതിവുണ്ട്. ഇതുകാരണം മകരവിളക്ക് ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
അനിയന്ത്രിത തിരക്ക് ഒഴിവാക്കാന്‍ സ്പോട്ട് ബുക്കിംഗ പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചിരുന്നു. അങ്ങനെവന്നാല്‍ നിലയ്ക്കലില്‍ പരിശോധന നടത്തി ഭക്തരെ പമ്പയിലേക്ക് കടത്തിവിടാനാണ് പോലീസ് ആലോചിക്കുന്നത്. പര്‍ണശാലയില്‍ ഭജനയിരിക്കുന്ന ഭക്തര്‍ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ള മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പോലീസ് നടപ്പാക്കും.
14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തര്‍ക്ക് പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ദര്ശനത്തിനെത്താന് സൗകര്യം അനുവദിക്കൂ. ജ്യോതി ദര്‍ശനത്തിനായി തയാറാക്കുന്ന വിവിധ ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നു.
ദര്‍ശനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നത് നിര്‍ബന്ധമാണ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തെത്തുന്ന തീര്‍ഥാടകര്‍ കൃത്യമായി ദര്‍ശനത്തിനെത്താതെ നേരത്തെയോ അടുത്ത ദിവസങ്ങളിലൊ വരുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി വെര്‍ച്വല്‍ ക്യൂ സ്ലോട്ടില്‍ രേഖപ്പെടുത്തിയിട്ടുളള സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യ തിരക്ക് ഒഴിവാക്കാനും സുഗമമായ ദര്‍ശനം സാധ്യമാക്കാനും കഴിയും.
തിരുവാഭരണ ഘോഷയാത്ര 12ന്
തിരുവാഭരണഘോഷയാത്ര 12 ന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍നിന്ന് ഭക്തരുടെ ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം ഉച്ചയ്ക്ക് ഒന്നിനാണ് ശബരിമലയ്ക്കു പുറപ്പെടുക. വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനസൗകര്യം ഒരുക്കി, തുടര്‍ന്ന് രാത്രി 9.30ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും.
13നു പുലര്‍ച്ചെ മൂന്നിനു പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14ന് ളാഹയില്‍നിന്നു പുറപ്പെട്ട്, പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല അപ്പാച്ചിമേടുവഴി വൈകുന്നേരം നാലിന് ശബരി പീഠത്തിലെത്തും. 5.30ന് ശരംകുത്തിവഴി ആറിനു സന്നിധാനത്ത് സ്വീകരിക്കും.
ഘോഷയാത്രയുടെ പാതകളിലും, ജ്യോതിദര്‍ശനം സാധ്യമാക്കുന്ന ഇടങ്ങളിലും മറ്റും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ് ചെയ്തുവരുന്നതായും പോലീസ് കോ -ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
മകരജ്യോതി ദര്‍ശനം സാധ്യമായ സ്ഥലങ്ങളില്‍ പോലീസിനൊപ്പം റവന്യു, ഫയര്‍ഫോഴ്സ്, വനം, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണനും ശബരിമല എഡിഎം അരുണ്‍ എസ്. നായരും ഈ സ്ഥലങ്ങള്‍ പരിശോധിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.