കാനനപാതയിൽ കുടുങ്ങിയവർക്ക് രക്ഷയൊരുക്കി സ്ട്രെച്ചർ സർവീസ്
1493374
Wednesday, January 8, 2025 4:03 AM IST
ശബരിമല: പുല്ലുമേട്ടിൽനിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സ്ട്രെച്ചർ സർവീസ് സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്നാണ് സന്നിധാനത്തുനിന്ന് ഫയർ ആൻഡ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രെച്ചർ സർവീസ് ടീം രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ടത്.
ചെന്നൈ സ്വദേശികളായ ലീലാവതി, ആന്റണി, പെരിയസ്വാമി മധുര സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രി കാനനപാതയിൽ കുടുങ്ങിയത്. രാത്രി 11 ഓടെ സ്ട്രെച്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.