മധ്യതിരുവിതാംകൂർ പുഷ്പമേള നാളെ മുതൽ
1493364
Wednesday, January 8, 2025 3:51 AM IST
കോഴഞ്ചേരി: മധ്യതിരുവിതാംകൂര്‍ പുഷ്പമേളയ്ക്ക് നാളെ തുടക്കമാകും. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ പ്രത്യേകം തയാര്‍ ചെയ്ത മുത്തൂറ്റ് പാപ്പച്ചന് - ജ്ഞാനമ്മ ഫിന്‍കോര്‍പ് നഗറില്‍ വൈകുന്നേരം 5.30ന് മന്ത്രി വീണാ ജോര്‍ജ് പുഷ്പമേള ഉദ്ഘാടനം ചെയ്യും. അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് പുഷ്പമേള സമാപിക്കും.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്മെന്റ് കൗണ്‍സില്‍, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രം, വ്യാപാരി വ്യവസായി ഏകോപനസമിതി, വിവിധ പഞ്ചായത്തുകള്‍ എന്നിവയുടെയും കോഴഞ്ചേരിയിലെ വിവിധ സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പുഷ്പമേള നടക്കുന്നത്.
വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാറുകള്‍, എല്ലാദിവസവും വൈകുന്നേരം കലാസന്ധ്യ, സാംസ്കാരിക പരിപാടികള്‍, വ്യാവസായിക സ്റ്റാളുകള്‍, ഫുഡ്കോര്‍ട്ടുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊട്ടി മോഡല്‍ പുഷ്പാലങ്കാരം എന്നിവ പുഷ്പമേളയുടെ ആകര്‍ഷണീയതയാണ്. സെമിനാറുകളില്‍ സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക നായകര്‍, മതമേലധ്യക്ഷര്‍ എന്നിവര്‍ പങ്കെടുക്കും.
പുഷ്പമേളയുടെ മുന്നോടിയായി ഇന്ന് വൈകുന്നേരം നാലിന് പ്രച്ഛന്നവേഷധാരികളായ പുരുഷ, വനിതാ ടീമുകളുടെ ഇരുചക്രവാഹന റാലിയും മത്സരവും നടക്കും. റാലി പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി വികാരി റവ. ഏബ്രഹാം തോമസ് അനുഗ്രഹപ്രഭാഷണവും സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ. അലക്സ് മുഖ്യപ്രഭാഷണവും നടത്തും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 വാഹനങ്ങള്‍ക്ക് രണ്ടു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം വിജയികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കും. 11നു രാവിലെ ഒന്‍പതിന് സ്കൂള്‍ കുട്ടികളുടെ കലോത്സവം മാര്‍ത്തോമ്മ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടത്തും.