സ്കൂട്ടറില്‍നിന്ന് ഇറങ്ങുമ്പോള്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു
1493242
Tuesday, January 7, 2025 6:57 AM IST
പത്തനംതിട്ട: റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയെ കാറിടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട കല്ലറക്കടവ് വല്യത്ത് പുത്തന്‍ വീട്ടില്‍ എസ്. സൂരജാണ് (ഉണ്ണിക്കുട്ടന് -18) അപകടത്തില്‍പ്പെട്ടത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടം.
മലയാലപ്പുഴ മുസലിയാര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായ സൂരജ് പ്രമാടത്ത് സഹപാഠികള്‍ ചേര്‍ന്നുള്ള പരീക്ഷാപഠനത്തിനായി വന്നതാണ്.
കൂട്ടുകാരനെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്നതിനിടെ പൂങ്കാവ് - താഴൂര്‍ക്കടവ് റോഡില്‍ കോട്ടയം കുരിശുംമൂടിന് സമീപം വഴിയരികില്‍ സ്കൂട്ടര്‍വച്ച ശേഷം ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട് വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. കുറച്ചു ദൂരം മുന്നോട്ട് പോയശേഷം കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
നാട്ടുകാരാണ് സൂരജിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കൊണ്ടുപോകുംവഴി സ്ഥിതി കൂടുതല്‍ വഷളായതിനാല്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.