വാഹനമോഷണം തൊഴിലാക്കിയ മൂന്നംഗ തിരുട്ടുസംഘം അറസ്റ്റിൽ
1493367
Wednesday, January 8, 2025 3:51 AM IST
പന്തളം: വാഹനമോഷണം തൊഴിലാക്കി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ആറു പേരടങ്ങുന്ന ചുമടുതാങ്ങി തിരുട്ടുസംഘത്തിലെ മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.കടമ്പനാട് കല്ലുകുഴി മുക്കുന്നിവടക്കേതില് ബിജീഷ് (കുട്ടു - 19), കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ്റേമുറിയില് നെടിയവിള മാണിക്കമംഗലം കോളനിയില്‍ പാലിക്കലേത്ത് വീട്ടില്‍ ആദിത്യന് (19), കൊല്ലം പോരുവഴി ഇടയ്ക്കാട് ചാലമുക്ക് ബിവറേജസ് ഷോപ്പിനു സമീപം കുളത്തരയ്യത്ത് നിഖില്‍ (20) എന്നിവരാണ് പിടിയിലായത്.
വാഹനമോഷണമടക്കം നടത്തി കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയവരാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനമോഷണം പതിവാക്കി ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ സംഘത്തിന് കടമ്പനാട് കല്ലുകുഴി നിവാസികള്‍ ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നല്‍കുകയായിരുന്നു.
ആക്രമണകാരികളായ ബിജീഷും ആദിത്യനുമാണ് സംഘത്തിലെ പ്രധാനികൾ. ബിജീഷ് മികച്ച ഓട്ടക്കാരനുമാണ്. രണ്ടുവട്ടം ഇവര്‍ പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഏനാത്ത് പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്നത്തെ പോലീസ് ഇന്‍സ്പെക്ടറുടെ കൈ പിടിച്ച് തിരിച്ചു രക്ഷപ്പെട്ടയാളാണ് ബിജീഷ്.
നിരവധി സേ്റ്റഷനുകളില്‍ മോഷണക്കേസുകള്‍ ഉണ്ടെങ്കിലും ഇവര്‍ ആദ്യമായാണ് പിടിയിലാകുന്നതെന്നു പറയുന്നു. മോഷണത്തിനു തടസം നില്ക്കുന്നവര് ആരായാലും ആക്രമിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. പരാതിപ്പെടുന്നവരുടെ വീടുകളില്‍ അന്നുതന്നെ രാത്രി കയറി മോഷ്ടിക്കുന്ന ശീലവുമുണ്ട്.
ഡിസംബര്‍ നാലിനു രാത്രി കുരമ്പാല മൈലാടുംകുളം ശിവഹരി വീട്ടില്‍ രേണുവിന്റെ പോര്‍ച്ചില്‍ വച്ചിരുന്ന സ്കൂട്ടറും റബര്‍ ഷീറ്റും ഇവര്‍ മോഷ്ടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍ നിയോഗിച്ചു. എസ്എച്ച്ഒ ടി.ഡി.പ്രജീഷ്, എസ്ഐ പി. കെ. രാജന്, പോലീസുദ്യോഗസ്ഥരായ എസ്. അന്‍വര്‍ഷ, കെ. അമീഷ്, ഹരികൃഷ്ണന്, ജലജ എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ കീഴടക്കിയത്.
മൂന്നു പേര് ചേര്‍ന്നാണ് സ്കൂട്ടര്‍ കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. തകരാറിലായ സ്കൂട്ടര്‍ പ്രതികള്‍ കയറു കെട്ടിയാണ് വലിച്ചു കൊണ്ടുപോയത്. കമ്പനാട് ഭാഗത്ത് ഇവര്‍ വാഹനമെത്തിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മോഷ്ടാക്കളെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നാം പ്രതി നിഖിലിനെയാണ് ആദ്യം പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബിജീഷിന്റെയും ആദിത്യന്റെയും നീക്കങ്ങള്‍ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച ഇവര്‍ പലപ്പോഴും കാടുകളില്‍ ഒളിച്ചു കഴിയുകയായിരുന്നു.
ഗണേശ വിലാസം, കല്ലുകുഴി ചുമടുതാങ്ങി എന്നിവിടങ്ങളിലെ പൊന്തക്കാടുകളില്‍ ഒളിവിൽ കഴിഞ്ഞത്. ഇവിടെവച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. പുത്തൂരിലെയും കുണ്ടറയിലെയും ബന്ധുവീടുകളില്‍ ഒളിച്ചു താമസിച്ചു.
ഏനാത്ത്, ശൂരനാട്, ചക്കുവള്ളി, നൂറനാട്, പന്തളം പോലീസ് സേ്റ്റഷനുകളില്‍ ബൈക്ക്, റബര്‍, സ്വര്‍ണം തുടങ്ങി നിരവധി മോഷണങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്കെതിരേ പരാതി ഉണ്ടായിരുന്നു. പതിനാറുകാരായ രണ്ടുപേരെ ഇവര്‍ ലഹരി കൊടുത്ത് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയിരുന്നു. ഈ കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും പോലീസ് ഉപദേശിച്ചു വിട്ടു.
സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ബിജീഷിനെയും ആദിത്യനെയും തന്ത്രപരമായി കുടുക്കുകയായിരുന്നു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം കോടതിയില്ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.