കഥകളിമേളയ്ക്ക് പന്പാതീരത്ത് തിരി തെളിഞ്ഞു
1493249
Tuesday, January 7, 2025 6:58 AM IST
ചെറുകോൽപ്പുഴ: കേരളം ലോകത്തിനു സമര്‍പ്പിച്ച ഏറ്റവും മഹത്തായ കലാരൂപമാണ് കഥകളിയെന്ന് ഡോ. ജോര്‍ജ് ഓണക്കൂര്‍. പത്തനംതിട്ട ജില്ലാ കഥകളി ക്ലബിന്റെ പതിനെട്ടാമത് കഥകളിമേള അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഥകളി സംസ്കാരം മലയാളി ഗ്രഹിച്ചിരിക്കണം. അതിന്റെ സാരസ്വതം അറിയുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടാകണമെന്നും ഡോ. ഓണക്കൂർ പറഞ്ഞു. കഥകളി ആസ്വാദനത്തിനുള്ള ശിക്ഷണമാണ് കഥകളിമേളയിലെ പഠനക്കളരികളിലൂടെ ലഭിക്കുന്നത്. ലോകത്തിലെ മഹത്തായ മുന്നേറ്റങ്ങള്‍ക്ക് മാതൃകയാണ് ഭാരതം. പൈതൃകമാണ് നമ്മുടെ സംസ്കാരം. ഒരു ഗ്രാമത്തെ കലയുടെ പേരില്‍ അടയാളപ്പെടുത്തിയ സ്ഥലമാണ് അയിരൂരെന്നും ഓണക്കൂര്‍ പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍, ഡോ. ബി. ഉദയനന്, ദിലീപ് അയിരൂര്‍, സഖറിയ മാത്യു, മംഗലം നാരായണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
24 -ാമത് നാട്യഭാരതി അവാര്‍ഡ് കഥകളി നടന് സദനം ഭാസിക്ക് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമര്‍പ്പിച്ചു. കഥകളിയെക്കുറിച്ച് ഗവേഷണപരമായ പഠനം നടത്തുന്നതിന് റാന്നി സെന്റ് തോമസ് കോളജിന്റെ ധാരണാപത്രം പ്രിന്‍സിപ്പല്‍ ഡോ. സ്നേഹ എല്‍സി ജേക്കബ് കഥകളി ക്ലബ് പ്രസിഡന്റ് പ്രസാദ് കൈലാത്തിന് കൈമാറി. തുടര്‍ന്ന് പഠനക്കളരിയില്‍ പത്താം ക്ലാസ് മലയാളപാഠാവലിയിലെ നളചരിതത്തിലെ കലി ദ്വാപര രംഗം അരങ്ങേറി. കലിയായി കലാമണ്ഡലം അനന്തുവും ദ്വാപരനായി കലമണ്ഡലം അജീഷുമാണ് വേഷമിട്ടത്.
ഇന്നു രാവിലെ 10 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ആസ്വാദന കളരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. പത്തനംതിട്ട എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാം, അയിരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന് നാരായണന്, മുൻ പ്രസിഡന്റ് ശ്രീജാ വിമല്‍, അയിരൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. ജയശ്രീ, എസ്. അജിത്ത്, അജയ് ഗോപിനാഥ് എന്നിവര്‍ പ്രസംഗിക്കും. 11.30 മുതല്‍ ആസ്വാദന കളരിയില്‍ കഥകളി കേശിനീമൊഴി (പ്ലസ്ടു പാഠഭാഗം)അവതരിപ്പിക്കും.
വൈകുന്നേരം 6.30 ന് നളചരിതം നാലാം ദിവസം അരങ്ങേറും. ക്ലബ് രക്ഷാധികാരി പി.പി. രാമചന്ദ്രന് പിള്ള ആട്ടവിളക്ക് തെളിക്കും.