കേരളത്തിൽ അധോലോക മാഫിയ സംസ്കാരം ശക്തി പ്രാപിച്ചു: എൻ.കെ. പ്രേമചന്ദ്രൻ
1492935
Monday, January 6, 2025 4:07 AM IST
പത്തനംതിട്ട: കേരളത്തിൽ ഭരണത്തിന്റെ തണലിൽ അധോലോക മാഫിയ സംസ്കാരം വളർന്നു വരുന്നതായി ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി. സംസ്ഥാനത്തു വളർന്നുവരുന്ന അരാജകത്വത്തിനെതിരേയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം വളർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനം നടക്കുന്പോൾത്തന്നെ ഭരണകക്ഷി എംഎൽഎയുടെ മകനെതിരേ മയക്കുമരുന്ന് കേസ് ഉണ്ടായപ്പോൾ അതിനെ നിസാരവത്കരിക്കുന്ന സമീപനമാണ് സാംസ്കാരിക മന്ത്രി സ്വീകരിച്ചത്. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലകേസിൽ സിപിഎം നേതാക്കൾതന്നെ ശിക്ഷിക്കപ്പെട്ടതും കൊടിസുനിയെപോലെയുള്ള കൊടും കുറ്റവാളികൾക്കു പരോൾ നൽകിയതും മാഫിയാ സംസ്കാരത്തിന്റെ ഉദാഹരണങ്ങളാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച, ധൂർത്തിന്റെയും കെടുകാര്യസ്ഥതയുടേയും പര്യായമായി മാറിയ ഈ സർക്കാർ വിലക്കയറ്റം സൃഷ്ടിച്ചും പൊതുവിതരണമേഖലയെ തകർത്തും ക്ഷേമപെൻഷനുകൾ നല്കാതെയും ജനജീവിതം ദുഃസഹമാക്കിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി. പ്രസന്നകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോർജ് വർഗീസ്, തോമസ് ജോസഫ്, ടി.എം. സുനിൽകുമാർ, ആർ.എം. ഭട്ടതിരി, കലാനിലയം രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറിമാർ, യുറ്റിയുസി സെക്രട്ടറി, മഹിളാ സംഘം സെക്രട്ടറി, ആർവൈഎഫ് ജില്ലാ സെക്രട്ടറി തുടങ്ങിയവർ പ്രസംഗിച്ചു.