1.75 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍
1492925
Monday, January 6, 2025 4:03 AM IST
പത്തനംതിട്ട : ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 1.75 കിലോഗ്രാം കഞ്ചാവ് പത്തനംതിട്ട പോലീസ് പിടികൂടി. യാത്രചെയ്ത മൂന്നുപേരെ പിടികൂടി. വെട്ടിപ്പുറം സുബല പാര്‍ക്കിനു സമീപത്തുനിന്ന് ഇന്നലെ രാവിലെ 6.30ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത കടമ്മനിട്ട കുടിലുകുഴി സ്വാദിഷ് മോഹന്‍ (36 ), കുലശേഖരപതി സ്വദേശി ഹാഷിം (35), ഓമല്ലൂര്‍ വേട്ടക്കുളത്ത് മനോജ്( 58) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി അതിഥി തൊഴിലാളികളായ രണ്ടുപേരെ താമസസ്ഥലത്തു കയറി ആക്രമിച്ചതിന് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. തൊഴിലാളികളെ ദേഹോപദ്രവം എല്പിച്ചതിനു മറ്റൊരു കേസുകൂടി ഇവര്‍ക്കെതിരേ എടുത്തതായി പോലീസ് അറിയിച്ചു.