മല്ലപ്പള്ളി താലൂക്കിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം
1492922
Monday, January 6, 2025 3:52 AM IST
മല്ലപ്പള്ളി: താലൂക്കിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതിയില്‍ ആവശ്യം. വേനല്‍ക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ പല പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും ജലവിതരണം മുടങ്ങുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നും വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികളടക്കം പരാതിപ്പെട്ടു.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തുന്നില്ല. എഴുമറ്റൂര്‍ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളില്‍ പോലും കണക്ഷന് എടുത്തവര്‍ക്ക് ഉയര്‍ന്ന ബില്ലുകളാണ് ലഭിക്കുന്നത്.
പുറമറ്റം പഞ്ചായത്തിലെ കമ്പനിമലയുടെ മുകള്‍ഭാഗത്തുള്ള വീടുകളില്‍ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ നടപടി ഉണ്ടായതായി ജലഅഥോറിറ്റി അധികൃതര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരുദിവസം കൃത്യമായി വെള്ളം നല്കുവാനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.
മല്ലപ്പള്ളി താലൂക്കിലെ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. താലൂക്കിലെ ഹോട്ടലുകള്‍, മത്സ്യവ്യാപാര ശാലകള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം അടിയന്തരമായി നന്നാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. താലൂക്കിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളിലെയും കാട് വെട്ടിതെളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നു. വൃന്ദാവനം എസ്എന്‍ഡിപി ജംഗ്ഷന് സ്ഥിരം അപകടമേഖലയാകുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനു നടപടി വേണമെന്നാവശ്യവും യോഗത്തിലുണ്ടായി.
കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ് രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സാംകുട്ടി പാലയ്ക്കാമണ്ണില്‍,
ഷെറി തോമസ്, ഹബീബ് റാവുത്തര്‍, അലക്സ് കണ്ണമല, ബാബു പാലയ്കകല്, ജയിംസ് വര്‍ഗീസ്, ശശികുമാര്‍ ചെമ്പുകുഴിയില്‍, ബിനു വര്‍ഗീസ് തഹസില്‍ദാര്‍ രാജേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.