കുന്നന്താനം കിൻഫ്രാ പാർക്കിൽ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി ഉദ്ഘാടനം പത്തിന്
1493239
Tuesday, January 7, 2025 6:57 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്തും ക്ലീൻ കേരളാ കമ്പനിയും ചേർന്ന് എട്ടുകോടി രൂപ ചെലവിൽ കുന്നന്താനം കിൻഫ്രാ പാർക്കിൽ നിർമിച്ച പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറിയുടെ (ഗ്രീൻപാർക്ക്) ഉദ്ഘാടനം പത്തിനു വൈകുന്നേരം 4.30 ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നു നിർമിച്ച കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറിയാണിത്. കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി ആറു കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 18 തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതിയുമായി ഇതേവരെ സഹകരിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഓമല്ലൂർ ശങ്കരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹരിത കർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ തരംതിരിച്ച ശേഷം ഇവിടെ എത്തിച്ച് സംസ്കരിക്കുകയും ഗ്രാന്യൂൾസ് ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതുപയോഗിച്ചാണ് പ്ലാസ്റ്റിക് ഉപകരണങ്ങൾ നിർമിക്കുന്നത്. ഒരു ദിവസം രണ്ട് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ആദ്യഘട്ടത്തിൽ സംസ്കരിക്കും. പിന്നീട് അഞ്ച് ടൺ സംസ്കരിക്കാൻ കഴിയുന്ന വിധത്തിൽ വിപുലീകരിക്കും. ഫാക്ടറിയുടെ പ്രവർത്തനംമൂലം യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാവാത്തനിലയിലുള്ള ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം, ബെയിലിംഗിനും വാഷിംഗിനുമുള്ള യന്ത്രങ്ങൾ, സോളാർ പവർ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയ അനുബന്ധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനിയുടെ ചുമതലയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്ന രീതിയാണ് ഇപ്പോൾ നടന്നു വരുന്നത്. കുന്നന്താനത്ത് പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ ശുചീകരണ പ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിയും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ അധ്യക്ഷത വഹിക്കും. മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമസേനയെ മന്ത്രി വീണാ ജോർജ് ആദരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, സംഘാടക സമിതി ജനറൽ കൺവീനർ ഓമല്ലൂർ ശങ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.