പത്തനംതിട്ട നഗരത്തിലെ നിരവധി പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായെന്ന് ചെയർമാൻ
1493377
Wednesday, January 8, 2025 4:03 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരം ദീർഘകാലമായി നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിലവിലെ ഭരണസമിതിക്ക് സാധിച്ചെന്ന് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ. 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ പഴി കേട്ടിരുന്ന നഗരസഭാ ബസ് സ്റ്റാൻഡ് ശാസ്ത്രീയമായി പുനർ നിർമിക്കാൻ സാധിച്ചു. നഗരത്തിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരം കാണുന്നതോടൊപ്പം ഭാവി ആവശ്യകത കൂടി മുന്നിൽ കണ്ടുള്ള പദ്ധതി പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്.
പത്തനംതിട്ട മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നോട്ടു പോകാനായതും തൈക്കാവ് ഗവൺമെന്റ് സ്കൂളിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർപ്ലാൻ, നഗര ഹൃദയത്തിൽ ടൗൺ സ്ക്വയർ, ഹാപ്പിനസ് പാർക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ ഴിഞ്ഞതായും ചെയർമാൻ അവകാശപ്പെട്ടു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. ആർ . അജിത് കുമാർ, ജെറി അലക്സ്, അനില അനിൽ, പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.