പവർ ക്വിസ് മത്സരം നാളെ പത്തനംതിട്ടയിൽ
1493369
Wednesday, January 8, 2025 3:51 AM IST
പത്തനംതിട്ട: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 31 -ാമത് പവർ ക്വിസ് മത്സരം പത്തനംതിട്ട മേരിമാതാ ഫെറോന പള്ളി ഓഡിറ്റോറിയത്തിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
14 ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളിലായി 28 കുട്ടികൾ ഫൈനലിൽ പങ്കെടുക്കും. രാവിലെ 11ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് സെലക്ഷൻ റൗണ്ട് മത്സരങ്ങൾ നടക്കും. സെലക്ഷൻ റൗണ്ടിലെ മത്സര വിജയികളെ പങ്കെടുപ്പിച്ച് ഉച്ചയ്ക്ക് ഒന്നു മുതൽ മെഗാ ഫൈനൽ മത്സരം നടക്കും.
പൗൺസ് ആൻഡ് ബൗൺസ് രീതിയിൽ നടത്തുന്ന മത്സരത്തിൽ പൗൺസ് വിജയികൾക്കും സമ്മാനം ഉണ്ടാകും. പത്തനംതിട്ടയിൽ പവർ ക്വിസിന്റെ സംസ്ഥാനതല മത്സരം ആദ്യമായാണ് നടക്കുന്നത്.
മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് സർ വിശ്വേശ്വരയ്യ ട്രോഫിയും 20,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. രണ്ടാം സ്ഥാനം നേടുന്നവർക്ക് ഡോ. കെ. എൽ. റാവു ട്രോഫിയും 10,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും പൗൺസ് ചാമ്പ്യന്മാർക്ക് താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും 5,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ബി.ഹരികുമാർ, കേന്ദ്ര നിർവാഹക സമിതി അംഗം എൻ. നന്ദകുമാർ, ജില്ലാ പ്രസിഡന്റ് കെ.ആർ. വേണുഗോപാൽ, രമ ടി, അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.