കഥകളിമേള: ആട്ടവിളക്ക് ഇന്ന് തെളിയും
1492920
Monday, January 6, 2025 3:52 AM IST
അയിരൂര്‍: പത്തനംതിട്ടജില്ലാ കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ പതിനെട്ടാമത് കഥകളി മേളയ്ക്ക് ഇന്നു തുടക്കമാകും. അയിരൂര്‍ കഥകളി ഗ്രാമത്തില്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ശ്രീവിദ്യാധിരാജാ നഗറിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കഥകളിമേള നടക്കുക. ഇന്ന് രാവിലെ 10 ന് ഡോ. ജോര്‍ജ് ഓണക്കൂര്‍ മേള ഉദ്ഘാടനം ചെയ്യും.
കഥകളി ക്ലബ് പ്രസിഡന്റ് ടി. പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. 2024 - ലെ ജില്ലാ കഥകളി ക്ലബിന്റെ 24 -ാമത് നാട്യഭാരതി അവാര്‍ഡ് കഥകളി നടന് സദനം ഭാസിക്ക് സമര്‍പ്പിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്്,
അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടര്‍ പി. എസ്. പ്രിയദര്ശന്, കഥകളിമേള ജനറല്‍ കണ്‍വീനര്‍ ഡോ. ബി. ഉദയനന്, ദിലീപ് അയിരൂര്‍, സഖറിയ മാത്യു എന്നിവര്‍ പ്രസംഗിക്കും.
കഥകളിയെക്കുറിച്ച് ഗവേഷണപരമായ പഠനം നടത്തുന്നതിന് റാന്നി സെന്റ് തോമസ് കോളേജിന്റെ ധാരണാപത്രം പ്രിന്‍സിപ്പല്‍ ഡോ. സ്നേഹ എല്‍സി ജേക്കബ് ക്ലബ് പ്രസിഡന്റ് പ്രസാദ് കൈലാത്തിന് കൈമാറും.
11 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പത്താം ക്ലാസ് മലയാള പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠ ഭാഗം കഥകളി അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം 6.30 ന് മേജര്‍ സെറ്റ് കഥകളി. ആദ്യദിനം ലവണാസുരവധം കഥയാണ് വേദിയിലെത്തുക.