നളചരിത പദങ്ങളിൽ മയങ്ങി കഥകളി മേള
1493370
Wednesday, January 8, 2025 3:51 AM IST
ചെറുകോൽപ്പുഴ: പമ്പാ മണല്‍പ്പുറം നളചരിത പദങ്ങളില്‍ മയങ്ങി യ ദിനമായിരുന്നു ഇന്നലെ. നളചരിതത്തിന്റെ അവസാന ഭാഗമായ നളദമയന്തീ പുനഃസമാഗമരംഗങ്ങള് ചിത്രീകരിക്കുന്ന നളചരിതം നാലാംദിവസമാണ് കഥകളിമേളയുടെ രണ്ടാം നാള് ആടിപ്പൊലിപ്പിച്ചത്. കലാമണ്ഡലം ശ്രീകുമാറിന്റെബാഹുകനും മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും കലാമണ്ഡലം അനില്‍കുമാറിന്റെ കേശിനിയും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവച്ചു.
ക്ലബ് രക്ഷാധികാരി പി. പി. രാമചന്ദ്രന് പിള്ള ആട്ടവിളക്ക് തെളിച്ചു. മേളയോടനുബന്ധിച്ച പഠനക്കളരിയിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നളചരിതത്തിലെ കേശിനീമൊഴിയെന്ന പാഠഭാഗമാണ് അരങ്ങിലെത്തിയത്. പഠനകളരി ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് അധ്യക്ഷത വഹിച്ചു.
ഇന്നു രാവിലെ പത്തിനു നടക്കുന്ന കഥകളി പഠനകളരി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിക്കും. അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് പ്മഭൂഷണ് ഡോ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ജന്മശതാബ്ദി സമര്‍പ്പണം. വി. ആര്. വിമല്‍ രാജ് അനുസ്മരണ പ്രഭാഷണം നടത്തും. 6.30ന് കരീന്ദ്രന്‍ തമ്പുരാന് രചിച്ച രാവണവിജയം ആട്ടക്കഥയാണ് ഇന്ന് കളിയരങ്ങില്‍ എത്തുന്നത്.