യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; യുവാവ് അറസ്റ്റില്‍
1492926
Monday, January 6, 2025 4:03 AM IST
തിരുവല്ല: അടുപ്പത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്ന വീഡിയോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ മനോജ് ഭവനില്‍ മിഥുന് രമേഷാണ് (21) പിടിയിലായത്.
ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനയച്ചു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. ബലാല്‍സംഗത്തിനും, ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പലപ്പോഴായി യുവാവ് ശേഖരിച്ച അശ്ലീല വീഡിയോകള്‍ യുവതിയുടെ പിതാവിനും സഹോദരനും വാട്സാപ്പിലൂടെ അയച്ചിരുന്നു. ഇതിലൊന്ന് ഇവരുടെ വീടിന്റെ കുളിമുറിയില്വച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയുടെ ഭീഷണിക്കു വഴങ്ങാതിരുന്ന യുവതിയെ, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അവധിക്കു നാട്ടിലേക്കു തിരിച്ചപ്പോള്‍ വരുന്ന വഴിക്കാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചത്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.