പണമില്ല; ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞുതന്നെ
1493248
Tuesday, January 7, 2025 6:58 AM IST
പത്തനംതിട്ട: പദ്ധതി വിനിയോഗത്തിൽ പിന്നോക്കം പോയതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കുറിയും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗമില്ല. ഫണ്ടിന്റെ ലഭ്യതക്കുറവുകാരണം പണം കൃത്യമായി ലഭിക്കാതെ വന്നതോടെ കഴിഞ്ഞവർഷം പദ്ധതി സ്പിൽ ഓവറാകുകയായിരുന്നു.
എന്നാൽ പുതിയ സാന്പത്തികവർഷം തുടങ്ങിയിട്ടും സാന്പത്തിക പരാധീനത തുടർന്നതോടെ മെയിന്റൻസ് ഗ്രാന്റ് ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങൾക്കും ലഭിച്ചില്ല. ഇതോടെ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ഏറെ വഷളായത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ത്രിതല പഞ്ചായത്തുകളുടെ ചുമതലയിലുള്ള റോഡുകളിൽ പണം വിനിയോഗിക്കാനായിട്ടില്ല.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. സ്പിൽ ഓവർ പദ്ധതിയിൽ ഒരു രൂപപോലും ചെലവഴിക്കാനായിട്ടില്ല. 2022 - 23 സാന്പത്തിക വർഷത്തിലാരംഭിച്ച പ്രതിസന്ധിയാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത്. ബില്ലുകൾ യഥാസമയം ട്രഷറിയിൽനിന്നു പാസാകാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ പൂർണമായി താളംതെറ്റിയിരുന്നു. രണ്ടു വർഷമായി റോഡ് ഫണ്ടിൽനിന്ന് പണം ലഭിക്കുന്നതേയില്ല. ഇതേത്തുടർന്ന് പദ്ധതികൾ സ്പിൽ ഓവർ കണക്കിൽപ്പെടുകയും ജില്ലയുടെ പദ്ധതി വിഹിതത്തിൽ കുറവുണ്ടാകുകയും ചെയ്തു.
പദ്ധതി നിർവഹണത്തിലും വീഴ്ച
വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റും കൃത്യമായിചെലവഴിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പേരിൽ ത്രിതല പഞ്ചായത്തുക
ളുടെ പണമാണ് വെട്ടിക്കുറയ്ക്കുന്നത്. എന്നാൽ ട്രഷറിയിൽ പണം ഇല്ലെന്ന പേരിൽ പല പദ്ധതികളും മുടങ്ങിപ്പോകുകയായിരുന്നെന്ന് തദ്ദേശസ്ഥാപന ജനപ്രതിനിധികൾ പറയുന്നു. വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റു വിനിയോഗം 80 ശതമാനത്തിൽ
പോലും ജില്ലാ പഞ്ചായത്തിൽ എത്തിയിട്ടില്ല. ജനറൽ വിഭാഗത്തിൽ 65.12 ശതമാനം ഫണ്ടാണ് വിനിയോഗിച്ചിട്ടുള്ളത്. റോഡ് മെയിന്റനൻസിലെ 55.6 ശതമാനവും നോൺ റോഡ് മെയിന്റനൻസിൽ 46.6 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.
വരുമാന വർധനയ്ക്ക് ഊന്നൽ നൽകണം: ധനകാര്യ കമ്മീഷൻ
പത്തനംതിട്ട: കാര്യക്ഷമമായി പദ്ധതികള്‍ തയാറാക്കുന്നതിൽ താഴെത്തട്ടിലുള്ള തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ധനകാര്യ കമ്മീഷൻ. ഇതു തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനിടയാക്കുമെന്ന് സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ പ്രഫ. കെ.എൻ. ഹരിലാൽ അഭിപ്രായപ്പെട്ടു.
ക്രിയാത്മകമായ ഇടപെടലുകള്‍ കൂടുതല്‍ നടത്താനും വഴിയൊരുക്കും. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകൾക്കുമാണ് കാര്യമായ സ്വാധീനം ചെലുത്താനാകുക എന്നും ഹരിലാല്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ധനവിന്യാസം സംബന്ധിച്ച് ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, സ്വീകരിക്കാന്‍ കഴിയുന്ന പുതിയ രീതികള്‍, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികളുടെ സാധ്യതകള്‍, തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആസൂത്രണ സമിതി ഉപാധ്യക്ഷയുമായ ബീന പ്രഭ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ആര്. അജയകുമാര്‍, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.