പുത്തൻകാവിൽ മാർ പീലക്സിനോസ് പ്രഥമ പുരസ്കാരം ദയാബായിക്ക്
1493243
Tuesday, January 7, 2025 6:57 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനും ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന മുൻ മെത്രാപ്പോലീത്തയുമായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസിന്റെ സ്മരണയ്ക്കായി സ്കൂൾ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സാമൂഹിക പ്രവർത്തക ദയാബായിക്ക് സമ്മാനിക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ആദിവാസി മേഖലയിലെ ആളുകളുടെ ഉന്നമനത്തിനുമുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. പ്രശസ്തി പത്രവും 20,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പാഠഭാഗം കൂടിയാണ് ദയാബായിയുടെ ജീവചരിത്രം. ഈ അവാർഡ് നൽകുന്നതിലൂടെ ദയാബായിയുടെ ജീവിതം കൂടുതൽ ആഴത്തിൽ കുട്ടികൾക്ക് പഠിക്കാനാകുമെന്ന് പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മിസ്ട്രസ് ഗ്രേസൺ മാത്യു എന്നിവർ പറഞ്ഞു.
പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ നവതി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
പുത്തൻകാവിൽ മാർ പീലക്സിനോസ് പുരസ്കാരം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും. പിടിഎ പ്രസിഡന്റ് അബ്ദുൾ മനാഫ്, സ്കൂൾ കോ-ഓർഡിനേറ്റർ ഫാ. ബിജു മാത്യു എന്നിവർ പ്രസംഗിക്കും.