ശബരിമലയില്‍ ജല ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി
1492927
Monday, January 6, 2025 4:03 AM IST
ശബരിമല: മകരവിളക്കു കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരള ജല അഥോറിറ്റി ശബരിമലയിലെ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. തീര്‍ഥാടനകാലത്ത് ഇതേവരെ 18 മണിക്കൂറാണ് ശുദ്ധീകരണശാല പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍. മകരവിളക്ക് മഹോത്സവകാലത്തെ ഭക്തജനത്തിരക്കിന്റെ ഭാഗമായി 13 ദശലക്ഷം ലിറ്ററിന്റെ ജലശുദ്ധീകരണശേഷി പൂര്‍ണമായി വിനിയോഗിക്കാന്‍ 24 മണിക്കൂര്‍ ഉത്പാദനം ആരംഭിച്ചതെന്ന് ജലഅഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.എസ്. പ്രദീപ്കുമാര്‍ അറിയിച്ചു.
റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം ഉത്പാദിപ്പിക്കുന്നത്. അള്‍ട്രാ വയലറ്റ്ശ്മികള് ഉപയോഗിച്ച് ജലം അണുവിമുക്തമാക്കി ജല അഥോറിറ്റിയുടെ വാട്ടര്‍ കിയോസ്കുകളിലൂടെ ഭക്തര്‍ക്ക് വിതരണം ചെയ്യും.
35000 ലിറ്റര്‍ ശുദ്ധജലമാണ് ഇത്തരത്തില്‍ പമ്പമുതല്‍ സന്നിധാനം വരെ വിതരണം ചെയ്യുന്നത്. ഇതിനായി 5000 ലിറ്റര്‍ ശേഷിയുള്ള 13 ആര്‍ഒ പ്ലാന്റുകളാണുള്ളത്. കൂടാതെ നിലക്കലില്‍ 1000 ലിറ്റര്‍ ശേഷിയുള്ള 26 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാംതന്നെ ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണ്.
സന്നിധാനത്തേക്ക് എട്ടു ദശലക്ഷം ലിറ്റര്‍ വെള്ളം
പമ്പ ത്രിവേണിയിലുള്ള ഇന്‍ടേക്ക് പമ്പ്ഹൗസില്നിന്നുമാണ് ജലശുദ്ധീകരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. പ്രകൃതിദത്തമായി ഏറ്റവും മികച്ച വെള്ളമാണ് ഇതെന്നാണ് പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പമ്പ അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. പ്രഷര്‍ ഫില്ട്ടറേഷന് നടത്തി അണുവിമുക്തമാക്കിയാണ് ഇതു വിതരണം ചെയ്യുന്നത്.
സന്നിധാനത്ത് എട്ടു ദശലക്ഷം ലിറ്ററിന്റെയും പമ്പയില്‍ അഞ്ച് ദശലക്ഷം ലിറ്ററിന്റെയും വിതരണശേഷിയാണ് ജലഅഥോറിറ്റിക്കുള്ളത്. 2024ല്‍ എന്‍എബിഎല്‍ സര്ട്ടിഫിക്കേഷന് ലഭിച്ച പമ്പയിലെ പരിശോധനാ ലബോറട്ടറിയില്‍ അസംസ്കൃത ജലവും ശുദ്ധജലവും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
ശുദ്ധീകരിച്ച ജലം നീലിമല ബോട്ടം, നീലിമല ടോപ്പ, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ രണ്ടുലക്ഷം ലിറ്റര്‍ വീതവും ശരംകുത്തിയില്‍ ആറു ലക്ഷം ലിറ്ററും ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. മകരവിളക്ക് സമയത്ത് ഈ ജലസംഭരണികള്‍ പൂര്‍ണശേഷി നിലനിര്‍ത്തും.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിലയ്ക്കലിലേക്കുള്ള ടാങ്കര്‍ മുഖേനയുള്ള ജലവിതരണം പ്രതിദിനം 1700 കിലോ ലിറ്ററില്‍നിന്ന് 2000 കിലോ ലിറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ജലഅഥോറിറ്റിയുടെ പമ്പ സെക്ഷനില്‍ നിലവില്‍ 180 ജീവനക്കാരാണ് മൂന്നു ഷിഫ്റ്റുകളിലായി ജലശുദ്ധീകണവും വിതരണവും നടത്തുന്നത്.
നിലയ്ക്കല്‍ പദ്ധതിയും പ്രവര്‍ത്തനസജ്ജം
സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ വിജയമായതോടെ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സൗകര്യാര്‍ഥം പദ്ധതി കമ്മീഷന് ചെയ്യാനാണ് ജലഅഥോറിറ്റിയുടെ തീരുമാനം. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിലയ്ക്കലിലെത്തി പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ജല അഥോറിറ്റിയുടെ ഏറെ പ്രധാനപ്പെട്ട പദ്ധതിയുടെ സാക്ഷാത്കാരത്തിലേക്കാണ് എത്തുന്നത്.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിലും സീതത്തോട് പഞ്ചായത്തിലും പെരുനാട് പഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്. നിലയ്ക്കലില്‍ മൂന്നു സംഭരണികളിലായി 60 ലക്ഷം ലിറ്റര്‍ ജലം സംഭരിച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിക്കും.