പ്രത്യാശയുടെ തീർഥാടകരായി മാറണം: ആർച്ച്ബിഷപ് മാർ കൂറിലോസ്
1493247
Tuesday, January 7, 2025 6:57 AM IST
തിരുവല്ല: എല്ലാം പ്രതികൂലമാകുമ്പോഴും ശക്തനായ ദൈവത്തോടു ചേർന്നുനിന്ന് ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിച്ച് മുമ്പോട്ടു പോകുന്ന പ്രത്യാശയുടെ തീർഥാടകരായി ജീവിക്കുവാൻ ജൂബിലിവർഷം ഇടയാകണമെന്ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത.
യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ 2025 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി ആഗോള കത്തോലിക്കാസഭ പ്രഖ്യാപിച്ച ജൂബിലിയുടെ അതിഭദ്രാസനതല ആചരണം തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനുരഞ്ജനത്തിന്റെയും പാപമോചനത്തിന്റെയും വിശുദ്ധ വർഷമായി ജൂബിലി വർഷം ആചരിക്കണമെന്നും കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നിവയിലൂടെ ദൈവത്തോടും സഭയോടും ദൈവജനത്തോടും സമൂഹത്തോടും ഉള്ള ബന്ധം ഊട്ടി ഉറപ്പിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ജൂബിലിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് ജോൺസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ വാതിൽ തുറന്നു.
ഇതോടനുബന്ധിച്ച് പ്രഭാതപ്രാർഥന, ദനഹാ ശുശ്രൂഷ, ആഘോഷമായ പ്രദക്ഷിണം, വിശുദ്ധ വാതിൽ തുറക്കൽ, പ്രകാശം തെളിക്കൽ, വിശുദ്ധ കുർബാന എന്നിവയും നടന്നു. വിവിധ ഭക്തസംഘടനകളുടെ അതിഭദ്രാസന ഭാരവാഹികൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, വിവിധ സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികൾ, വൈദിക വിദ്യാർഥികൾ, സന്യസ്തർ, വൈദികർ, വിവിധ ഇടവക പ്രതിനിധികൾ തുടങ്ങിയവർ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
മുഖ്യ വികാരി ജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ, ചാൻസലർ ഫാ. ജോസ് മണ്ണൂർകിഴക്കേതിൽ, ഫിനാൻസ് ഓഫീസർ ഫാ. ഡോ. തോമസ് പാറക്കൽ, കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. വർഗീസ് കെ. ചെറിയാൻ, മദർ ജോബ്സി എസ്ഐസി, സിസ്റ്റർ അന്നമ്മ ഒഎസ്എസ്, സിസ്റ്റർ ആഞ്ചല, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. മാത്യു പൊട്ടുകുളത്തിൽ, ഫാ. ജേക്കബ് അരീക്കൽ എന്നിവർ നേതൃത്വം നൽകി.
2026 ജനുവരി ആറുവരെയാണ് ജൂബിലി വർഷമായി ആചരിക്കുക. ജൂബിലി വർഷത്തിൽ വിവിധ ഇടവകകളിൽനിന്നുള്ള തീർഥാടകർക്ക് വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് പ്രാർഥിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.