കാലാവസ്ഥ വ്യതിയാനം : വരൾച്ച രൂക്ഷമായേക്കും; കർഷകർ ആശങ്കയിൽ
1493361
Wednesday, January 8, 2025 3:51 AM IST
പത്തനംതിട്ട: പകൽച്ചൂടിന്റെ കാഠിന്യം അടിക്കടി ഏറുന്നതോടെ ജലാശയങ്ങളും തോടുകളും വേഗത്തിൽ വറ്റിവരളുന്നതോടെ മലയോര ജില്ലയിൽ കടുത്ത ആശങ്ക. ഒരു മാസം മുന്പുവരെ മഴ ഉണ്ടായിരുന്നെങ്കിലും വേനലിന്റെ കടന്നുവരവ് അതിരൂക്ഷമായാണ്. പകൽച്ചൂടിന്റെ കാഠിന്യവും രാത്രിയിലെ അതിശൈത്യവും വരൾച്ച രൂക്ഷമാക്കിയേക്കുമെന്ന ആശങ്കയുളവാക്കുന്നു.
സാധാരണ നിലയിൽ ജനുവരിയിൽ പകൽച്ചൂടിന് ഇത്രയധികം കാഠിന്യം ഉണ്ടാകാറില്ല. എന്നാൽ ഇക്കുറി ഡിസംബർ അവസാനത്തോടെ നദികളിൽ വെള്ളം കുറഞ്ഞുതുടങ്ങി. പന്പ, അച്ചൻകോവിൽ, മണിമല നദികളിൽ നീരൊഴുക്ക് നാമമാത്രമാണ്. പന്പയുടെ ജലവിതരണ പദ്ധതികളിൽ ഇപ്പോൾ തന്നെ വെള്ളം തടഞ്ഞു നിർത്തിയാണ് പന്പിംഗ് നടത്തുന്നത്.
ഏപ്രിൽ, മേയ് വരെ വേനലിന്റെ രൂക്ഷത തുടരും. അഞ്ചുമാസത്തോളം ഈ നില തുടർന്നാൽ വരൾച്ച അതികഠിനമാകുമെന്ന ആശങ്ക കർഷകർക്കുണ്ട്. നെല്ല്, ഏത്തവാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവ കൃഷി ചെയ്ത കർഷകരാണ് ആശങ്കയിലായത്. വെള്ളം കിട്ടാത്ത സാഹചര്യത്തിൽ കൃഷി കരിഞ്ഞുണങ്ങുമോയെന്ന ഭയത്തിലാണ് കർഷകർ.
ജലസേചന പദ്ധതികളുടെ കനാലുകൾ തുറന്നതോടെ ഇവയുടെ തീരങ്ങളിൽ നേരിയ ആശ്വാസമായി. വരൾച്ച രൂക്ഷമാകുന്നത് കുടിവെള്ള ലഭ്യതയെയും ബാധിക്കും. ഇപ്പോൾ തന്നെ പല മേഖലകളിലും വെള്ളം കിട്ടാത്ത സാഹചര്യമുണ്ട്.
വള്ളിക്കോട്ടെ മകര കൊയ്ത്തിനെ ബാധിക്കും
ജില്ലയുടെ പ്രധാന നെല്ലറയായ വള്ളിക്കോട് പാടശേഖരങ്ങളിൽ ഇത്തവണ മകര കൊയ്ത്ത് വൈകിയേക്കും. കാലാവസ്ഥ ചതിച്ചതാണ് പ്രതിസന്ധികൾക്ക് കാരണം. പ്രതിസന്ധികളെ അതിജീവിച്ച് ഇത്തവണ യഥാസമയം വിത്തെറിഞ്ഞിരുന്നെങ്കിലും കനത്ത മഴയും കത്തുന്ന വെയിലുമാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്.
കതിരണിഞ്ഞ നെൽ ചെടികൾ ഇപ്പോൾ മുക്കാൽ വിളവെത്തേണ്ട സമയമാണ്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും പാതിവിളവ് പോലുമായിട്ടില്ല. അത്യുൽപാദന ശേഷിയുള്ള ഉമ വിത്താണ് വള്ളിക്കോട് പാടത്തു വിതച്ചിരിക്കുന്നത്. ജില്ലയിൽ അപ്പർ കുട്ടനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്.
15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ ഒന്പതു വലിയ പാടശേഖരങ്ങളുണ്ട്. സപ്ലൈകോയുടെ പ്രധാന നെല്ല് സംഭരണ സ്ഥലം കൂടിയാണിവിടം. 130 ഹെക്ടർ പാടശേഖരത്തിലാണ് ഇത്തവണ കൃഷി ഇറക്കിയിട്ടുള്ളത്. 210 കർഷകരാണ് വള്ളിക്കോട് പാടശേഖരത്തു കൃഷി നടത്തുന്നത്.
അപ്പർകുട്ടനാട്ടിലെ കൃഷിയിടങ്ങളെ നവംബർ അവസാന വാരവും ഡിസംബറിലുമായി പെയ്ത മഴ ചതിച്ചിരുന്നു. വിത നടത്താൻ പാകമായ പാടശേഖരങ്ങൾ ബണ്ടു വീണ് തകർന്നതുമൂലം കർഷകർക്കു വൻ നഷ്ടമുണ്ടായി. പാടശേഖരങ്ങൾ വീണ്ടും ഒരുക്കിയെടുത്ത് വിത നടത്തിയത് വൈകിയാണ്. ഇവിടങ്ങളിലും ഇത്തവണ വിളവെടുപ്പ് ഏറെ വൈകും.
കാലം തെറ്റിയെത്തിയ തോരാമഴ കതിരണിയലിന് പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. മഴ മാറി വെയിൽ എത്തിയത് ആശ്വാസമായെങ്കിലും കൊടുംവേനൽ നെൽച്ചെടികൾക്ക് ഭീഷണിയായിട്ടുണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് കാരണം മിക്ക ഭാഗങ്ങളിലും നെൽച്ചെടികൾ കരിഞ്ഞുണങ്ങലിന്റെ വക്കിലാണ്.
ചിലയിടങ്ങളിൽ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യം കാരണം ഉച്ചയാകുമ്പോഴേക്കും ചെടികൾ വാടിത്തളരുന്ന സാഹചര്യമുണ്ട്.