സിപിഐ നേതാവ് ടി.ആർ. ബിജു കുഴഞ്ഞുവീണ് മരിച്ചു
1493366
Wednesday, January 8, 2025 3:51 AM IST
അടൂർ: സിപിഐ നേതാവ് എഐഡിആർഎം (അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ്) ദേശീയ സമ്മേളനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കടമ്പനാട് തുവയൂർതെക്ക് നിലയ്ക്കമുകൾ ബിജു നിവാസിൽ ടി. ആർ. ബിജുവാണ് (52) മരിച്ചത്.
ഹൈദരാബാദിൽ എഐഡിആർഎം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സഹപ്രവര്‍ത്തകര്‍ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി, എഐഡിആർഎം സംസ്ഥാന കമ്മിറ്റി അംഗം, ഇപ്റ്റ അടൂർ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പില്‍. രാവിലെ ഒമ്പതിന് സിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടര്‍ന്ന് വിലാപയാത്രയായി പത്തിന് അടൂര്‍ കെഎസ്ആർടിസി ഡിപ്പോ, 11ന് കടമ്പനാട് കെആർകെപിഎം ഹൈസ്കൂൾ, 11.30 ന് മനീഷ ആര്‍ട്സ് ക്ലബ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനം ഉണ്ടാകും.
ഭാര്യ: അജിത (പിഡബ്ല്യുഡി ജീവനക്കാരി, തിരുവല്ല). മക്കൾ: സോന, ഹരിനന്ദ് (ഇരുവരും വിദ്യാർഥികള്‍).