മണിപ്പുർ വിഷയം ക്ഷമാപണത്തിൽ ഒതുങ്ങരുത്: മാർത്തോമ്മ മെത്രാപ്പോലീത്ത
1493362
Wednesday, January 8, 2025 3:51 AM IST
പത്തനംതിട്ട. മണിപ്പൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ക്ഷമാപണം മാത്രമാകാതെ കർശന നടപടികളും ശാശ്വത സമാധാനവുമാണ് ആവശ്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 27-ാമത് ഇലന്തൂർ സി. ടി. മത്തായി സ്മാരക പ്രഭാഷണം ഇലന്തൂർ വൈഎംസിഎ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിൽ നിന്ന് ഇപ്പോഴും കേൾക്കുന്നത് സംഘർഷങ്ങളുടെ വാർത്തകളാണ്. 19 മാസമായി ഇരു വിഭാഗങ്ങൾ തമ്മിൽ വംശീയ സംഘർഷം തുടരുകയാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. നിരവധി വീടുകൾ അഗ്നിക്കിരയായി. ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സ്മാരക സമിതി പ്രസിഡന്റ് എം. ബി. സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വൈഎംസിഎ പ്രസിഡന്റ് കെ. ജി. ശാമുവൽ, സെക്രട്ടറി കെ. പി. രഘു കുമാർ, ട്രഷറർ കെ. എസ്. തോമസ് എന്നിവർ പ്രസംഗിച്ചു. വൈഎംസിഎ ഹാളിൽ സ്ഥാപിച്ച ഇലന്തൂർ സി. ടി. മത്തായിയുടെ ഫോട്ടോ മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്തു.