ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ
1493368
Wednesday, January 8, 2025 3:51 AM IST
പന്തളം: മകന് ന്യൂസിലാൻഡിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിധരിപ്പിച്ച് വീട്ടമ്മയിൽ നിന്നും അഞ്ചു ലക്ഷം തട്ടിയ കേസിൽ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 20 നും നവംബർ 23 നുമിടയിലുള്ള കാലയളവിൽ എസ്ബിഐ അക്കൗണ്ട് വഴിയും ഗൂഗിൾ പേ മുഖേനയും പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.
നൽകിയ പണമോ, മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസിലാക്കിയ ഇവർ ഡിസംബർ 24 ന് പന്തളം പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും, അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
അറസ്റ്റിലായവർക്കെതിരേ സമാനമായ നിരവധി പരാതികൾ നിലവിലുണ്ട്. പന്തളം പോലീസ് ഇൻസ്പെകടർ റ്റി. ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എഎസ് ഐ സിറോഷ്, സി പി ഓമാരായ അജീഷ് കുമാർ, അമൽ, ഭഗത് എന്നിവരുണ്ടായിരുന്നു. .