മധ്യതിരുവിതാംകൂര്‍ പുഷ്പമേള ഇന്നു മുതല്‍ കോഴഞ്ചേരിയില്‍
1493746
Thursday, January 9, 2025 3:39 AM IST
പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍, കോഴഞ്ചേരി അഗ്രിഹോര്‍ട്ടി സൊസൈറ്റി, കേന്ദ്ര കൃഷിവിജ്ഞാനകേന്ദ്രം, സെന്റ് തോമസ് കോളജ് അലൂമ്നി അസോസിയേഷന്,
വ്യാപാരി വ്യവസായി ഏകോപനസമിതി കോഴഞ്ചേരി യൂണിറ്റ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മധ്യതിരുവിതാംകൂര്‍ കാര്‍ഷിക പുഷ്പമേളയ്ക്ക് ഇന്നു തുടക്കമാകും. 19 വരെയാണ് പുഷ്പമേള. ഇന്നു വൈകുന്നേരം ആറിന് മന്ത്രി വീണാ ജോര്‍ജ് മേള ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഊട്ടി മോഡല്‍ പുഷ്പമേള, കുട്ടികള്‍ക്ക് കളിക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, കന്നുകാലി പ്രദര്‍ശനം, ഡോഗ്ഷോ, വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാറുകള്‍, എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യ, സാംസ്കാരിക പരിപാടികള്‍, വിവിധ മത്സരങ്ങള്‍, കാര്‍ഷിക സസ്യ വ്യാവസായിക സ്റ്റാളുകള്‍, ഫുഡ്കോര്‍ട്ടുകള്‍ എന്നിവ ഉണ്ടായിരിക്കും.
11 ന് രാവിലെ ഒമ്പതിന് സ്കൂള്‍ കുട്ടികളുടെ കലാമത്സരങ്ങള്‍ മാര്‍ത്തോമ്മ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അഗ്രി ഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദഭവന്, ശ്രീകുമാര്‍ ഇരുപ്പക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ഇരുചക്രവാഹന റാലി നടത്തി
കോഴഞ്ചേരി: പുഷ്പമേളയ്ക്ക് മുന്നോടിയായി പുരുഷ, വനിതാ ടീമുകളുടെ പ്രച്ഛന്നവേഷ ഇരുചക്രവാഹന റാലിയും മത്സരവും പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ഏബ്രഹാം തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
ജനറല്‍ കണ്‍വീനര്‍മാരായ പ്രസാദ് ആനന്ദഭവന്, ബിജിലി പി. ഈശോ, പബ്ലിസിറ്റി കണ്‍വീനര്‍ നിജിത്ത് വര്‍ഗീസ്, അഗ്രിഹോര്‍ട്ടി വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, പഞ്ചായത്തംഗങ്ങളായ സാലി ഫിലിപ്പ്, സോണി കൊച്ചുതുണ്ടിയിര്, ഷാജി പള്ളിപ്പീടികയില്‍, കെ.ആര്. സോമരാജന്, ലീബ ബിജി, ലത ചെറിയാന്, സാംകുട്ടി ചെറുകര, ബാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.