40.90 ലക്ഷം തീര്‍ഥാടകര്‍ ശബരിമലയിലെത്തി
1493748
Thursday, January 9, 2025 3:39 AM IST
ശബരിമല: മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത് ഇതേവരെ 40.90 ലക്ഷം അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനം നടത്തിയതായി ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍ അറിയിച്ചു. പ്രതിദിനം 90,000ന് മുകളില്‍ അയ്യപ്പഭക്തര്‍ എത്തിയിട്ടുണ്ട്. അതില്‍ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.
മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുന്‍പുള്ള രണ്ടു ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂവിന്റെയും സ്പോട്ട് ബുക്കിംഗിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തും.
ഭക്തജനത്തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.
സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തും
മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം പരിഗണിച്ചും പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കൂടിയാലോചനക്കുശേഷവുമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുമുതല്‍ വെര്‍ച്വല്‍ക്യൂ ബുക്കിംഗ് 50,000 ആയും തത്സമയ ബുക്കിംഗ് 5,000 ആയും നിജപ്പെടുത്തും. 13ന് 50,000 ആയും മകരവിളക്ക് ദിവസമായ 14ന് 40,000 ആയും മകരവിളക്കിനു തൊട്ടടുത്ത ദിവസമായ 15ന് 60,000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നു മുതല്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം നിലയ്ക്കലില്‍ മാത്രമായിരിക്കും. നാളെ മുതല്‍ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങള്‍ മലയിറങ്ങാതെ മകരവിളക്ക് ദര്‍ശിക്കുന്നതിന് സന്നിധാനത്ത് തങ്ങാന്‍ സാധ്യതയുണ്ട്. മകരവിളക്ക് ദര്‍ശിച്ചശേഷം ഇവര്‍ കൂട്ടത്തോടെ പമ്പയിലേക്ക് എത്തുന്നതാണ് മുന്‍പതിവ്.
പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേര്‍ന്ന് തിരക്ക് രൂക്ഷമാകുന്നത് തടയുന്നതിന് 15 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സ്ലോട്ടുകളില്‍ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ വൈകുന്നേരം ആറിനുശേഷം എത്തിയാല്‍ മതിയാകും. തത്സമയ ബുക്കിംഗ് 15 മുതല്‍ 11 നുശേഷമേ ഉണ്ടാകൂവെന്നും പ്രസിഡന്റ് അറിയിച്ചു.