കഥകളി ഗ്രാമത്തിനായി 2.5 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനു സമര്‍പ്പിച്ചു: എംപി
1493752
Thursday, January 9, 2025 3:39 AM IST
ചെറുകോല്‍പ്പുഴ: അയിരൂര്‍ കഥകളി ഗ്രാമത്തില്‍ കഥകളിയുടെ പ്രോത്സാഹനത്തിനും പൈതൃക സംരക്ഷണത്തിനുമായി 2.5 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലാ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്തു നടന്നുവരുന്ന കഥകളി മേളയുടെ മൂന്നാം ദിനത്തിലെ കഥകളി പഠന കളരി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലയുടെ പാരമ്പര്യവും കഥകളിയുടെ പൈതൃകവും പുതുതലമുറയിലേക്ക് പകരുന്ന ശ്രമമാണ് പഠന കളരിയില്‍ നടക്കുന്നത്. കേരളത്തിന്റെ ഭാവി ചരിത്രത്തില്‍ അയിരൂര്‍ കഥകളി ഗ്രാമം ഇടംപിടിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു.
ക്ലബ് രക്ഷാധികാരി ഡോ. ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരില്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസന് ഫിലിപ്പ്, വിക്ടര്‍ ടി. തോമസ്, ജെറി മാത്യു സാം, പ്രീതാ ബി. നായര്‍, അജയ് ഗോപിനാഥ്, ദിനില്‍ ദിവാകര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പഠന കളരിയില്‍ പൂതനാമോക്ഷം കഥകളി അരങ്ങേറി. പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ജന്മശതാബ്ദി സമര്‍പ്പണത്തില്‍ ക്ലബ് സെക്രട്ടറി വി.ആര്. വിമല്‍രാജ് അനുസ്മരണ പ്രഭാഷണം നടത്തി. വൈകുന്നേരം നടന്ന രാവണവിജയം കഥകളിയുടെ കഥാവിവരണം കെ. ഹരിശര്‍മ ചെങ്ങന്നൂര്‍ നടത്തി. പി.എം. തോമസ് തോണിപ്പാറ പുത്തന്മഠം ആട്ടവിളക്ക് തെളിച്ചു. കഥകളിയിലെ ഏറ്റവും പ്രൗഢിയുള്ള ആദ്യാവസാന പ്രതിനായക വേഷം നിറഞ്ഞാടിയ ദിവസമായിരുന്നു കഥകളിമേളയിലെ മൂന്നാം രാവ്.
ഇന്നു രാവിലെ 10 ന് നടക്കുന്ന ആസ്വാദന കളരി കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. കഥകളിമേള ജനറല്‍ കണ്‍വീനര്‍ ഡോ. ബി. ഉദയന്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് മുഖ്യ പ്രഭാഷണം നടത്തും.
പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്. അനില, സീ കേരള ചീഫ് പാനല്‍ ഓഫീസര്‍ അനില്‍ അയിരൂര്‍, അടൂര്‍ ഐഎച്ച്ആര്‍ഡി കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സന്തോഷ് ബാബു, സാംകുട്ടി അയ്യക്കാവില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇരയിമ്മന്‍ തമ്പി രചിച്ച കീചകവധം കഥകളിയാണ് ഇന്നു വൈകുന്നേരം മേളയില്‍ അരങ്ങേറുന്നത്.