കാട്ടുപന്നി ശല്യത്തിനെതിരേ ഏറത്ത് കര്‍ഷകരുടെ പ്രതിഷേധം : ചര്‍ച്ചയ്ക്കു തയാറാകാതെ പഞ്ചായത്ത് പ്രസിഡന്റ്
1493745
Thursday, January 9, 2025 3:39 AM IST
അടൂര്‍: കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പരാതിയുമായെത്തിയ കര്‍ഷകരെ കാണാന്‍ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായി. ഏറത്ത് പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും കണ്ടു പരാതി പറയുന്നതിനായി എത്തിയത്.
എന്നാല്‍, ഇരുവരും കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരെ കാണാന്‍ തയാറായില്ല. കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍ എത്തുന്നതറിഞ്ഞ് പ്രസിഡന്റും സെക്രട്ടറിയും മാറിനില്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നു. തങ്ങളുടെ ന്യായമായ പരാതിപോലും കേള്‍ക്കാന്‍ പഞ്ചായത്തില്‍ ഭാരവാഹികളാരും ഇല്ലാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുക്കേടാണെന്ന ആക്ഷേപം ഉയര്‍ന്നു.
പഞ്ചായത്ത് ഓഫീസിലേക്ക് കര്‍ഷകര്‍ എത്തുന്നതറിഞ്ഞ് അവരുമായി ചര്‍ച്ചയ്ക്കു തയാറാകേണ്ടതില്ലെന്ന നിര്‍ദേശം ഭരണകക്ഷി നേതൃത്വത്തിന്റേതായിരുന്നുവെന്ന് പറയുന്നു. കാട്ടുപന്നിശല്യം നേരിടുന്നതില്‍ പഞ്ചായത്തിനു കാര്യമായ ഇടപെടല്‍ നടത്താനില്ലെന്ന ന്യായം പറഞ്ഞാണ് ഭരണകക്ഷി നേതാക്കളും പ്രസിഡന്റും മാറിനിന്നത്. സിപിഎം പ്രാദേശിക നേതാവ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയതും സംഘര്‍ഷത്തിനു കാരണമായി.
പഞ്ചായത്ത് ഓഫീസില്‍ കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ പോലീസും രംഗത്തെത്തി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പ്രസിഡന്റോ സെക്രട്ടറിയോ എത്തി തങ്ങളുടെ പരാതി സ്വീകരിക്കണമെന്നുള്ള ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു.
മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇരുവരും എത്താതായതോടെ പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ തയാറായില്ല. ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥലത്തെത്തിയ സെക്രട്ടറി ശ്രീലേഖ കര്‍ഷകരെ കണ്ടു ചര്‍ച്ച നടത്തി.
തരിശുകിടക്കുന്ന ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിക്കുക, പന്നികളെ വെടിവയ്ക്കാനുള്ള അനുമതി നല്‍കുക, തരിശ് ഭൂമിയില്‍ കൃഷിചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷര്‍കര്‍ ഉന്നയിച്ചത്. ഇതു സംബന്ധിച്ച് 20നകം വിവിധ വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു.
ഏറത്ത് പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമണ്. ഏക്കറുകണക്കിന് കൃഷിയാണ് പന്നികള്‍ നശിപ്പിച്ചത്. നിരവധിയാളുകള്‍ക്ക് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിയെ അടക്കം പന്നി ആക്രമിച്ചിരുന്നു.
പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരായ പ്രദീപ് വയലാ, ജയകുമാര്‍, നടുവത്തു ശശി, എലിസബത്ത് ബാബു, ബിന്ദു ബി. ഹരികുമാര്‍, സുദേവന്, സുരേന്ദ്രബാബു, സോമന്, ബി. ശാന്തന്, കെ. റെജി എന്നിവര്‍ നേതൃത്വം നല്കി.
പഞ്ചായത്ത് അഡീഷണല്‍ സെക്രട്ടറി അരുണ്‍, മെംബര്‍മാരായ മറിയാമ്മ തരകന്, ആര്. രമണന്, രാജേഷ് അമ്പാടിയില്‍, രാജീവ്, ശ്രീലേഖ ഹരികുമാര്‍, സൂസന് ശശികുമാര്‍, ഏറത്ത് കൃഷി ഓഫീസര്‍ സൗമ്യ എന്നിവരും പങ്കെടുത്തു.