സ്വകാര്യബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്ക് പരിക്ക്
1493750
Thursday, January 9, 2025 3:39 AM IST
പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ്സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ തകര്‍ന്ന കണ്ണാടിച്ചില്ല് തറച്ച് യാത്രക്കാരിക്കു പരിക്ക്. കോഴഞ്ചേരിയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സ്വപ്ന, നിബുമോന്‍ ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. സമയത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. സ്വപ്ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് റോഡിനു കുറുകെ നിര്‍ത്തി. തുടര്‍ന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ എത്തി. സ്വപ്ന ബസിന്റെ മുന്‍വശത്ത് വലതു സൈഡിലായുള്ള റിയര്‍വ്യൂ മിറര്‍ നിബുമോന്‍ ബസിലെ ഡ്രൈവര്‍ കല്ലെടുത്ത് അടിച്ചുതകര്‍ത്തു.
ചില്ല് തെറിച്ച് വീണത് സ്വപ്ന ബസിലെ യാത്രക്കാരിയായ കൊടുമണ്‍ ഐക്കാട് സ്വദേശിനിയുടെ കണ്ണിലേക്കാണ്. പരിക്കേറ്റ യാത്രക്കാരി ചികിത്സ തേടി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
ഇരു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണെന്ന് യാത്രക്കാര്‍ പറഞ്ഞു. നിരത്തിലെ ഏറ്റുമുട്ടല്‍ പലപ്പോഴും ബസ്സ്റ്റാന്‍ഡുവരെ നീളുന്നത് പതിവാണ്.