തിരുവല്ലയ്ക്കു പുതുചരിത്രമെഴുതി ക്രിസ്മസ് പപ്പാ സംഗമം
1488456
Thursday, December 19, 2024 8:13 AM IST
തിരുവല്ല: തിരുവല്ല നഗരത്തിനു പുതുചരിത്രമെഴുതി ഇതാദ്യമായി ക്രിസ്മസ് പപ്പാമാരുടെ സംഗമം. സാന്റാക്ലോസ് വേഷധാരികളായ അയ്യായിരത്തിലധികം പേരാണ് ഇന്നലെ വൈകുന്നേരം തിരുവല്ലയിൽ നടന്ന ക്രിസ്മസ് റാലിയിലും സാന്റാ ഹാർമണി ആഘോഷത്തിലും പങ്കെടുത്തത്.
എംസി റോഡിൽ തിരുവല്ല ബൈപാസിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ ഇരുവെളളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപകരുടെ ക്രിസ്മസ് ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യൻ സാന്റാ ഹാർമണി 2024 ഉദ്ഘാടനം ചെയതു. ഡിവൈഎസ്പി എസ്.അർഷാദ് സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്തു.
നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളുമായി നഗരത്തിനു കൊഴുപ്പ് പകർന്ന റാലിയിൽ ക്രിസ്മസ് പാപ്പാമാർ തുറന്ന വാഹനങ്ങളിലും കാൽനടയായും നീങ്ങി. റോളർ സ്കേറ്റിംഗ്, ക്രിസ്മസ് പാപ്പയെ വഹിച്ച് വില്ലുവണ്ടി തുടങ്ങിയവയും റാലിയെ മനോഹരമാക്കി.
നഗരമധ്യത്തിലൂടെ കുരിശുകവല വഴി സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിലായിരുന്നു സമാപനം. സന്ദേശറാലിയുടെ ഏറ്റവും പിന്നിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പൊതുസമൂഹവും പ്രത്യേക വേഷവിധാനത്തോടെ അണി നിരന്നത് വേറിട്ട കാഴ്ചയായി. സെന്റ് ജോൺസ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ സമാപിച്ച റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേറ്റു. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്കി. ഭീമൻ കേക്ക് മുറിച്ചു മധുരം പങ്കു വച്ചു.
പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാർ അവതരിപ്പിച്ച കരോൾ ഗാനസന്ധ്യ ഇതോടൊപ്പം നടന്നു. പുഷ്പഗിരി മെഡിക്കൽ കോളജ്, ബിലീവേഴ്സ് മെഡിക്കൽ കോളജ്, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ,നഗരത്തിലെ വിവിധ കോളജുകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകൾ, മർച്ചൻ്റ്സ് അസോസിയേഷൻ, തിരുവല്ല പൗരാവലി എന്നിവരുടെ നേതൃത്വത്തിൽ ഇദംപ്രഥമമായി നടത്തപ്പെട്ട ക്രിസ്മസ് സന്ദേശ റാലി ജനപങ്കാളിത്തം കൊണ്ട് ഏറെ വിസ്മയം തീർത്തു.
രാമഞ്ചിറ ബൈപാസിൽ നിന്നും ആരംഭിച്ച സന്ദേശ റാലിയുടെ മുൻ മുൻനിര കുരിശുകവല പിന്നിടുമ്പോൾ പിൻനിരയ്ക്കു തുടക്കം കുറിക്കാൻ കഴിഞ്ഞിരുന്നില്ല.