പിഎം റോഡിൽ അപകടങ്ങൾ തുടരുന്നു; നിസംഗതയിൽ അധികൃതർ
1488167
Wednesday, December 18, 2024 7:55 AM IST
പത്തനംതിട്ട: അപകടങ്ങൾ തുടരുന്നതിനിടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സഞ്ചാരം യാത്രക്കാർക്കു ഭീതിജനകമായി. കഴിഞ്ഞ ഞായറാഴ്ച മല്ലശേരി പൂങ്കാവ് സ്വദേശികളായ നാലുപേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവത്തിനുശേഷവും ഇതേ പാതയിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.
കഴിഞ്ഞദിവസം ഒരു ബൈക്ക് യാത്രക്കാരൻ വകയാറിൽ അപകടത്തിൽ മരിച്ചു. ഞായറാഴ്ച കൂടലിൽ വയോധികൻ ലോറി ഇടിച്ച് മരിച്ചു. ചെറുതും വലുതുമായ അപകടങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി എത്തുന്പോഴും അധികൃതരുടെ നിസംഗത തുടരുകയാണ്.
നിർമാണത്തിലെ അപാകതകൾ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകാത്തത് അപകട പരമ്പരകൾക്ക് കാരണമായി.
അപകട വളവുകൾ ഒഴിവാക്കാതെ നടത്തിയ അശാസ്ത്രീയമായ പുനർനിർമാണമാണ് സംസ്ഥാനപാതയുടെ പ്രധാന ശാപം. ചില ഭൂ ഉടമകളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിൽ കാട്ടിയ അലംഭാവം സംസ്ഥാനപാത കുരുതിക്കളമാകാൻ പ്രധാന കാരണമായി. വാഹനങ്ങളുടെ വേഗനിയന്ത്രണവും സുരക്ഷ സംവിധാനങ്ങളും ഇല്ലാത്ത പാതയാണിത്. കാമറകൾ പോലും സ്ഥാപിച്ചിട്ടില്ല.
അപകട നിരക്കിൽ 30 ശതമാനം വർധന
പിഎം റോഡ് നവീകരണത്തിനുശേഷം പാതയിൽ അപകട നിരക്കിൽ 30 ശതമാനം വർധനയുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ ഏറ്റവും കൂടുതൽ അപകടം നടന്നിരിക്കുന്നത് കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗത്താണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 15 പേരാണ് മരിച്ചത്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്.