ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ
1487717
Tuesday, December 17, 2024 4:43 AM IST
പത്തനംതിട്ട: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ രാജീവാണ് (മുത്തു - 49) പിടിയിലായത്. കണ്ണൂരില്‍നിന്നു കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാൾ പിടിയിലായത്.
ഭാര്യ സിന്ധുവും രണ്ട് കുട്ടികളുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍ 2010 നവംബര്‍ ഒന്നിനാണ് ഇയാള്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. കോടതിയില്‍ ഹാജരാക്കി ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയവേ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂര്‍, എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബംഗളൂരുവിലും ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു.
രാജേഷ് എന്ന് പേരുമാറ്റി ഇയാള്‍ കൊട്ടാരക്കരയില്‍ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഫേസ്ബുക്കിലും സജീവമായി. പ്രതി ബംഗളൂരുവിൽ ഉ ണ്ടെന്ന വിവരം ലഭിച്ചതിനെത്തു ടര്‍ന്ന് പോലീസ് ബംഗളൂരുവിൽ എത്തിയെ ങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. അന്നുമുതല്‍ ഇയാള്‍ കോയിപ്രം സ്ക്വാഡിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.
തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം ഇന്‍സ്പെക്ടര്‍ ജി.സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.