കോയന്പത്തൂർ വാഹനാപകടം: മരിച്ച ദന്പതികൾക്ക് നാടിന്റെ അന്ത്യാഞ്ജലി
1487731
Tuesday, December 17, 2024 4:55 AM IST
ആരോണിന്റെ സംസ്കാരം ഇന്ന്
തിരുവല്ല: കോയമ്പത്തൂരിൽ വാഹനാ അപകടത്തിൽ മരിച്ച ദമ്പതികളായ ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ ഷീബ ജേക്കബ് (55) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഇരവിപേരൂർ സെന്റ്മേരീസ് ക്നാനായ പള്ളിയിൽ സംസ്കരിച്ചു.
തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ വീട്ടിലെത്തിച്ചപ്പോഴേക്കും വൻ ജനപ്രവാഹമായിരുന്നു. സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
ഭവനത്തിലെ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ഗ്രീഗോറിയോസും കുര്യാക്കോസ് മാർ ഈവാനിയോസും കാർമികത്വം വഹിച്ചു. ദേവാലയത്തിൽ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് ഗീവർഗീസ് മാർ അപ്രേം സഹകാർമികനായി.
മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, മാത്യു ടി. തോമസ് എംഎൽഎ, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, ജോസഫ് എം.പുതുശേരി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സമുദായ ഭാരവാഹികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് കാറപകടത്തിൽ ജേക്കബും ഭാര്യയും ചെറുമകനും മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മകൾ അലീന ജേക്കബ് കോയമ്പത്തൂർ അവിനാശി റോഡിലെ സ്വകാര്യ ആശുപത്രിയിലാണ്.
മരിച്ച ആരോണിന്റെ സംസ്കാരം ഇന്ന് പുനലൂർ വിളക്കുവെട്ടം ക്നാനായ പള്ളിയിൽ നടക്കും.
ആരോണിന്റെ പിതാവ് പുനലൂർ വിളക്കുവെട്ടം മാങ്ങാച്ചാലിൽ തോമസ് കുര്യാക്കോസ് സൗദിയിൽനിന്ന് ഇന്നലെയാണ് നാട്ടിലെത്തിയത്. രണ്ടുമാസം പ്രായമായ ആരോണിനെ പിതാവ് ഇതേവരെ കണ്ടിട്ടില്ല.