മുഖംമാറുന്ന പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് : പുതുവർഷത്തിൽ തുറന്നുനൽകും
1487724
Tuesday, December 17, 2024 4:55 AM IST
പത്തനംതിട്ട : നഗരസഭയുടെ പുതുവത്സര സമ്മാനമായി നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡ് യാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നാടിനു സമർപ്പിക്കും. പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാർക്കിംഗ് ലോട്ട് എന്നിവ പൂർത്തിയാക്കി തണൽമരങ്ങൾ വച്ചുപിടിപ്പിച്ചാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിർമാണവും കാരണം വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന ബസ് സ്റ്റാൻഡ് യാർഡ് പുനർനിർമിച്ചാണ് ശാസ്ത്രീയ പരിഹാരം കണ്ടിരിക്കുന്നത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച മൂന്നാമത്തെ യാർഡാണ് ഇപ്പോൾ സജ്ജമാകുന്നത്.
അന്തർസംസ്ഥാന ബസ് ഹബ്ബായിട്ടാകും യാർഡ് പ്രവർത്തനമാരംഭിക്കുന്നത്. ഇതോടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാൻഡ് പ്രവർത്തനം പൂർണതോതിലാകും.
500 മീറ്റർ നടപ്പാത
ബസ് സ്റ്റാൻഡിനെ ചുറ്റി 500 മീറ്ററോളം നീളത്തിലാണ് നടപ്പാത ഒരുക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത, സായാഹ്ന സവാരിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും നടപ്പാതയോടു ചേർന്ന് സജ്ജീകരിക്കുന്നുണ്ട്. തണൽ ഒരുക്കുന്നതിനായി ഇവിടെ വളർച്ചയെത്തിയ മരങ്ങൾ വച്ചുപിടിപ്പിക്കും.
ബസ് സ്റ്റാൻഡിനുവേണ്ടി ലഭ്യമായ അഞ്ച് ഏക്കർ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തിയാണ് നിർമാണം. ബസ് സ്റ്റാൻഡിന്റെ കിഴക്കുവശം കണ്ണങ്കര തോടുമായി വേർതിരിച്ച് സംരക്ഷണഭിത്തി നിർമിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
അഞ്ചുകോടി രൂപയുടെ പദ്ധതികൾ
പത്തനംതിട്ട മാസ്റ്റർപ്ലാൻ വിഭാവനം ചെയ്ത മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂർത്തിയാകുന്നത്. സ്റ്റാൻഡിനോടു ചേർന്ന് പ്രവർത്തനം ആരംഭിക്കുന്ന ഹാപ്പിനസ് പാർക്ക്, കെട്ടിടത്തിന്റെ നവീകരണം മുകൾ നിലയുടെ നിർമാണം എന്നിവ അതിവേഗം പുരോഗമിക്കുകയാണ്.
അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്പെഷൽ അസിസ്റ്റൻസ് പദ്ധതി പ്രകാരമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിലാണ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്.
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവച്ച നിർദേശങ്ങളുടെയും പൊതുജനങ്ങൾ, വ്യാപാരികൾ, ബസുടമകൾ എന്നിവരുമായി ചർച്ച നടത്തി തയാറാക്കിയ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂർത്തിയാകുന്നത്.
നിലവിലെ തറയിൽ നിന്ന് 1.10 മീറ്റർ ആഴത്തിൽ മണ്ണ് നീക്കി ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷൻ അനുസരിച്ച് ജിഎസ്പി, വെറ്റ് മിക്സ് എന്നിവ നിറച്ച് മുകളിൽ ഇന്റർലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് യാർഡ് ഒരുക്കിയിരിക്കുന്നത്.
വിപുലമായ ഡ്രെയിനേജ് സംവിധാനമാണ് യാർഡിനോടൊപ്പം തയാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് പ്രവൃത്തികൾ രണ്ട് ഘട്ടമായി നടത്തിയതെന്നു ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.