മലനാട് കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യമുഖം: വി.ഡി. സതീശന്
1487719
Tuesday, December 17, 2024 4:43 AM IST
പാറത്തോട്: കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യത്തിന്റെ മുഖമാണ് മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്ഷികജില്ലയും ചേര്‍ന്ന് 2025ല്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വിവിധ സാമൂഹ്യക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം - സന്മനസുള്ളവര്ക്ക് സമാധാനം - നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലനാടും ഇന്‍ഫാമും നടത്തുന്ന സാമൂഹ്യക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ പ്രോജക്ടുകളെ സര്‍ക്കാരുകള്‍ക്ക് പ്രോത്സാഹിപ്പിക്കാനാകും. കര്‍ഷക താത്പര്യങ്ങള്‍ ഹനിച്ചുകൊണ്ട് ഏത് തീരുമാനം എടുത്താലും അത് കേരളത്തിനു വലിയ ദുരന്തമായി മാറും. കാര്‍ഷിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വനനിയമ ഭേദഗതി പാസാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഒന്നിച്ചു നില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനോടു ചേര്‍ന്ന് പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് മലനാട് ഡവലപ്മെന്റ് സൊസൈറ്റി നടത്തുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ജാതിമത ചിന്തകള്‍ക്കതീതമായി അതിബൃഹത്തായ സംഘടനയായി വളര്‍ന്ന ഇന്‍ഫാം ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചു കഴിഞ്ഞു.
വനംവകുപ്പുമായി ബന്ധപ്പെട്ട നിയമഭേദഗതി നിലവില്‍ വന്നാല്‍ വനംവകുപ്പ് അന്യായമായി ജനങ്ങളുടെ ഇടയിലേക്ക് കടന്നുവരാന്‍ ഇടയാകുമെന്നും ജനദ്രോഹപരമായ നിലപാട് നിയമമാകാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവിനോടും ജനപ്രതിനിധികളോടും ആവശ്യപ്പെടുന്നതായും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
സമൂഹത്തില്‍ ജാതി, മത, വര്‍ഗ, വര്‍ണ, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ചെറുകിട കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതനിലവാരം ഉയര്‍ത്തുക എന്നുള്ളതാണ് മലനാടിന്റെയും ഇന്‍ഫാമിന്റെയും ലക്ഷ്യവും ദൗത്യമെന്ന് യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് കാര്‍ഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യ ആരോഗ്യമേഖലയിലും വിവിധ കര്‍മപദ്ധതികളാണ് മലനാടും ഇന്‍ഫാമും ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലനാട് പ്രകൃതി പരിപാലന പദ്ധതികളുടെ സമാരംഭം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റവും, മലനാട് എഡ്യൂകെയര്‍ പദ്ധതികളുടെ സമാരംഭം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജും, മലനാട് ഓക്സിബ്രീത്ത് പദ്ധതിയുടെ സമാരംഭം മാണി സി. കാപ്പന് എംഎല്‍എയും, സാന്ത്വനം - കരുതല്‍ പദ്ധതികളുടെ സമാരംഭം വികാരി ജനറാള്‍ റവ.ഡോ. കുര്യന് താമരശേരിയും സഫലം പദ്ധതിയുടെ സമാരംഭം വാഴൂര്‍ സോമന് എംഎല്‍എയും, ഹൃദയപൂര്‍വം പദ്ധതിയുടെ സമാരംഭം വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും,
മലനാട് ഫാര്‍മര്‍ കെയര്‍ പദ്ധതികളുടെ സമാരംഭം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും, മലനാട് ആശ്വാസ് കാന്‍സര്‍ കെയര്‍ പദ്ധതിയുടെ സമാരംഭം കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലും നിര്‍വഹിച്ചു.
യോഗത്തില്‍ ആശാനിലയം സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, പെനുവേല്‍ ഇമ്മാനുവേല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ബേത്ലഹേം ആശ്രമം ഡയറക്ടര്‍ ഫാ. ജിന്‍സ് വാതല്ലൂക്കുന്നേൽ എന്നിവരെ മാര്‍ ജോസ് പുളിക്കല്‍ ആദരിച്ചു
.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്ഷകജില്ലാ പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ സ്വാഗതവും മലനാട് - ഇന്‍ഫാം ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബില്‍ പുല്‍ത്തകിടിയേല്‍ നന്ദിയും പറഞ്ഞു. സന്മനസുള്ളവര്ക്ക് സമാധാനം പദ്ധതിയിലൂടെ എട്ടു കോടി രൂപയുടെ സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് 2025ല്‍ മലനാടും ഇന്‍ഫാമും ചേര്‍ന്ന് നടപ്പാക്കുന്നത്.