‘ഒപ്പം - 2024’ സ്പെഷൽ സ്കൂൾ സ്നേഹസംഗമം തിരുവല്ലയിൽ
1488169
Wednesday, December 18, 2024 7:56 AM IST
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ സ്പെഷൽ സ്കൂൾ കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരും അടക്കം അറുനൂറോളം പേർ പങ്കെടുത്ത സ്നേഹസംഗമം (ഒപ്പം 2024) സമന്വയ മത സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്നു. വിവിധ വാദ്യഘോഷങ്ങളും പ്രച്ഛന്ന വേഷധാരികളുമായി കുരിശുകവലയിൽനിന്ന് ആരംഭിച്ച റാലി ഡിവൈഎസ്പി എസ്. അർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത റാലി ഉദ്ഘാടനം ചെയ്തു.
തുടർന്ന് സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ സംഗമത്തോടനുബന്ധിച്ച് വിവിധ സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. പ്രശസ്ത കലാകാരൻമാർ കുട്ടികളോടൊപ്പം ഗാനമേളയും മിമിക്രിയും മറ്റും അവതരിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഇമാം കെ.ജെ.സലിം സഖാഫി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പങ്കെടുത്ത സ്കൂളുകൾക്കും കുട്ടികൾക്കും സമ്മാനദാനവും സ്നേഹ വിരുന്നും നടത്തി.
സമാപന സമ്മേളനം സബ് കളക്ടർ സുമിത് കു മാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. പോലീസ് ഇൻസ്പക്ടർ സുനിൽ കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.
ഡോ. സജി കുര്യൻ, ബാബു കല്ലുങ്കൽ, പ്രഫ. കെ. മാത്യു, ഫാ. മാത്യു തുണ്ടിയിൽ, ഫാ. മാത്യു പുനക്കുളം, ഡോ. സി.വി. വടവന, എം. സലിം, സാമുവേൽ ചെറിയാൻ, മാത്യൂസ് കെ. ജേക്കബ്, വർഗീസ് മാമ്മൻ, പ്രകാശ് ബാബു, ഷാജി തിരുവല്ല, പി.എം. അനീർ, വിനോദ് തിരുമൂലപുരം, ഷാജി തൂമ്പുങ്കുഴി, എം.കെ. വർക്കി, ഷിബു പുതുക്കേരിൽ, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.