‘സാന്റാ ഹാർമണി 2024’ ഇന്ന് തിരുവല്ലയിൽ; 2500ലധികം ക്രിസ്മസ് പപ്പാമാർ അണിനിരക്കും
1488164
Wednesday, December 18, 2024 7:55 AM IST
തിരുവല്ല: ക്രിസ്മസ് ആഘോഷങ്ങളുടെ (സാന്റാ ഹാർമണി 2024) ഭാഗമായി തിരുവല്ല നഗരത്തിൽ ഇതാദ്യമായി 2500 ക്രിസ്മസ് പപ്പാമാർ അണിനിരക്കും. ഉച്ചകഴിഞ്ഞ് 3.30 ന് എംസി റോഡിൽ തിരുവല്ല ബൈപാസിനു സമീപം രാമൻചിറയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപകർ നടത്തുന്ന ക്രിസ്മസ് ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. വിവിധ മതപുരോഹിതൻമാർ സന്ദേശം നൽകും.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സാന്റാ ഹാർമണി 2024 ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇരുചക്ര വാഹന റാലിയുടെ പിന്നിലായി വിളംബര വാഹനവും അതിനു പിന്നിലായി വിദ്യാർഥികളുടെ റോളർ സ്കേറ്റിംഗും നീങ്ങും.
പ്രധാന ക്രിസ്മസ് പപ്പായെ വഹിക്കുന്ന വില്ല് വണ്ടിയും അതിനു പിറകിലായി ബാനറും ചെണ്ടമേളവും നാലു വരിയിലായി 2500 ലധികം പപ്പാമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളുടെ അകന്പടിയോടെ റാലി നഗര മധ്യത്തിലൂടെ കുരിശുകവല വഴി സെന്റ് ജോൺസ് കത്തിഡ്രൽ അങ്കണത്തിൽ എത്തിച്ചേരും. റാലിയിൽ ഏറ്റവും പിന്നിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പൊതുസമൂഹവും പ്രത്യേക വേഷവിധാനത്തോടെ അണി നിരക്കും. സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിക്കുന്ന റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേൽക്കും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ സന്ദേശത്തിനു ശേഷം ഭീമൻ കേക്ക് മുറിക്കും. തുടർന്ന് പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാർ അവതരിപ്പിക്കുന്ന കരോൾ ഗാനസന്ധ്യ. സാന്റാ റാലിക്കു മുന്നോടിയായി നടന്ന വിളംബര റാലി ബിലിവേഴ്സ് മെഡിക്കൽ കോളജിൽ ഡോ.ജോൺ വല്ല്യത്താൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഗതാഗത ക്രമീകരണം
തിരുവല്ല: സാന്റാ ഹാർമണി സന്ദേശ റാലിയോടനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഇന്ന് ഗതാഗ ക്രമീകരണം. ഉച്ചകഴിഞ്ഞ് 3.30നു ശേഷം എംസി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ് വഴി കടന്നു പോകണം. തിരുവല്ല-അമ്പലപ്പുഴ റോഡിൽ പൊടിയാടി ഭാഗത്തുനിന്നു ചങ്ങനാശേരിയിലേക്കുള്ള വാഹനങ്ങൾ കാവുംഭാഗം ജംഗ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം വഴി തുകലശേിയിലെത്തി തിരിഞ്ഞു പോണമെന്ന് തിരുവല്ല ഡിവൈഎസ്പി എസ്. അർഷാദ് അറിയിച്ചു.