വനം നിയമഭേദഗതി ബിൽ പിൻവലിക്കണം: ബാബുജി ഈശോ
1488448
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: നിരന്തരമായ വന്യജീവി ആക്രമണം മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട മലയോര കർഷക ജനതയോടുള്ള സർക്കാരിന്റെ യുദ്ധ പ്രഖ്യാപനമാണ് നിർദിഷ്ട കേരള വനം നിയമ ഭേദഗതി ബില്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജി ഈശോ.
കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനപ്രദേശത്തോടടുത്ത് താമസിക്കുന്ന കർഷകരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ അടയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന നിയമം വന്യജീവി ആക്രമത്തിനെതിരേ സമരം ചെയ്യുന്ന ജനങ്ങളെ നിശബ്ദരാക്കാനുള്ള കരിനിയമ മാണെന്നും ബാബുജി അഭിപ്രായപ്പെട്ടു.
ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ്, സംസ്ഥാന സെക്രട്ടറിമാരായ അജി അലക്സ്, ജോജി ഇടക്കുന്നേൽ ജില്ലാ പ്രസിഡൻറ് ടി. എച്ച്. സിറാജുദ്ദീൻ, ജില്ലാ ഭാരവാഹികളായ അഷറഫ് അപ്പോകുട്ടി, സാബു കെ. ഏബ്രഹാം, തോമസ് ചെറിയാൻ, കെ.എൻ. രവീന്ദ്രൻ, എസ്. അനുരാഗ്, വിനോദ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.