വൈഎംസിഎ സുവർണജൂബിലി ഉദ്ഘാടനം
1488443
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: മല്ലശേരി വൈഎംസിഎയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ നാളെ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡന്റ് കുഞ്ഞുമ്മൻ മാത്യു അധ്യക്ഷത വഹിക്കും. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കെ.യു. ജനീഷ്കുമാർ എംഎൽഎ, വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു, കേരള റീജിയൺ സെക്രട്ടറി ഡേവിഡ് സാമുവേൽ, ജില്ലാ പഞ്ചായത്ത് മെംബർ റോബിൻ പീറ്റർ, ഫാ. ആൽവിൻ എം. സാം എന്നിവർ പ്രസംഗിക്കും.
26നു വൈകുന്നേരം ആറിന് ക്രിസ്മസ് കുടുംബസംഗമം കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലിയുടെ ഭാഗമായി വൈഎംസിഎ നാഷണൽ കൗൺസിലിന്റെ സഹകരണത്തിൽ യൂത്ത് ഗൈഡൻസ് സെന്റർ, ഡിജിറ്റൽ ലൈബ്രറി, ചികിത്സാപദ്ധതികൾ, വിദ്യാഭ്യാസ ആരോഗ്യ സെമിനാറുകൾ, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കുഞ്ഞുമ്മൻ മാത്യു, പി.ജെ. രാജു, വർഗീസ് പ്രസാദ്, ജോസ് കരിമരത്തിനാൽ, ഡോ. റോയ്സ് മല്ലശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.