കാറിടിപ്പിച്ചു യുവാവിനെ കൊലപ്പെടുത്തി : അപകടമരണമെന്ന് പ്രാഥമിക നിഗമനം : വഴിത്തിരിവായത് മൊഴികൾ
1487713
Tuesday, December 17, 2024 4:43 AM IST
റാന്നി: മന്ദമരുതിയിൽ ഉണ്ടായത് സാധാരണ അപകടമാണെന്നും പഴക്കച്ചവടക്കാരനായ അന്പാടി സുരേഷ് അപകടത്തിൽ മരിച്ചെന്നും കരുതിയിരുന്നവരുടെ മുന്പിലേക്കാണ് ഇന്നലെ രാവിലെയോടെ കൊലപാതകച്ചുരുൾ നിവർന്നത്.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍പോയ നാലു പേരെയും അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലായത് ചടുലമായ അന്വേഷണത്തിനൊടുവിൽ. മൂന്നു പേരെ എറണാകുളത്തുനിന്നും ഒരാളെ പെരുന്നാട്ടില്നിന്നും കാര്‍ ചേത്തയ്ക്കല്‍ നിന്നുമാണ് കണ്ടെത്തിയത്.
അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30),ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതകക്കേസിൽ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഞായറാഴ്ച ഉച്ചമുതലുണ്ടായ സംഭവവികാസങ്ങളെത്തുടർന്നാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് റാന്നി ബിവറേജസ് ഔട്ട്ലെറ്റിനു മുന്പിൽ പാർക്കിംഗിനെച്ചൊല്ലി രണ്ട് യുവസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഇതിന്റെ തുടർച്ചയായി രാത്രിയോടെ വീണ്ടും ഇട്ടിയപ്പാറയിലെ ഹോട്ടലിനു സമീപത്തും മന്ദമരുതി ജംഗ്ഷനിലും ഇവർ തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് ഭീഷണി മുഴക്കിയ ശേഷമാണ് സംഘം പരസ്പരം പിരിഞ്ഞത്.
പിന്നീട് ഇതില്‍ ഒരാളുടെ വീട്ടിലെത്തി വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് മക്കപ്പുഴയ്ക്കു സമീപം ഇരു സംഘങ്ങളും വീണ്ടും ഏറ്റുമുട്ടി. ബിവറേജസിനു മുമ്പിൽ സംഘർഷം നടക്കുമ്പോൾ അമ്പാടി സ്ഥലത്ത് ഉണ്ടായിരുന്നില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്.
തുടർന്ന് മിഥുന്റെ വീട്ടിൽ അജോ അന്വേഷിച്ച് ചെന്നിരുന്നു. അജോ ഫോണിൽ മിഥുനെ വെല്ലുവിളിച്ചു. മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടർന്നാണ് മക്കപ്പുഴയിൽ ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായത്.
വിവരമറിഞ്ഞു മന്ദമരുതിയിലേക്ക്് കാറില്‍ എത്തിയ അമ്പാടി സ്വന്തം വാഹനത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നതിനിടെ എതിർസംഘം സഞ്ചരിച്ച കാറിടിച്ചു വീഴ്ത്തുകയും ശേഷം ശരീരത്തിലൂടെ കാർ കയറ്റുകയായിരുന്നുവെന്നുമാണ് മൊഴി. അന്പാടിയുടെ സഹോദരങ്ങൾ കാറിലുണ്ടായിരുന്നു.
ഇവരാണ് ആദ്യം മൊഴി നൽകിയത്. അപകടം സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ റാന്നി മാർത്തോമ്മ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസിനു ലഭിച്ച ചില വിവരങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് പകലുണ്ടായ തർക്കങ്ങളെ സംബന്ധിച്ച വിവരം ലഭിച്ചത്. റാന്നി ചേത്തയ്ക്കലിൽനിന്ന് ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പിക്കപ്പ് വാനില്‍ കൈതച്ചക്ക വ്യാപാരം നടത്തിവരികയായിരുന്നു അന്പാടി. ഭാര്യ ഹണിയും ഒന്നരവയുള്ള മകന് സുദേവുമായി റാന്നി ഇട്ടിയപ്പാറയ്ക്കു സമീപം താമറത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക് വിട്ടുകൊടുത്തു.
അറസ്റ്റിലായ അരവിന്ദ് ഡ്രൈവർ ജോലി ചെയ്യുന്ന ആളാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയുമാണ്. ഷാര്‍ജയില്‍ ജോലിക്കാരനായിരുന്ന അജോ എം. വർഗീസ് നാലു ദിവസം മുമ്പാണ് വീട്ടിൽ എത്തിയത്. അരവിന്ദിന്റെ ബന്ധുവാണ് ഹരിക്കുട്ടനെന്ന ഹരിശ്രീ വിജയൻ.