ചോദ്യപ്പേപ്പർ ചോർച്ചയിൽ കർശന നടപടികൾ വേണം: എച്ച്എസ്എസ്ടിഎ
1487718
Tuesday, December 17, 2024 4:43 AM IST
പത്തനംതിട്ട: ഹയർസെക്കൻഡറി പ്ലസ് വൺ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ സ്വകാര്യ ഓൺലൈൻ ചാനലിലൂടെ ചോർന്ന സംഭവം അതീവ ഗുരുതരമായ സാഹചരമാണെന്നും പൊതുപരീക്ഷകളെ പ്രഹസനമാക്കുന്ന ഈ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ് സിഇആർടി കേന്ദ്രീകൃത രീതിയിൽ തയാറാക്കി പ്രിന്റു ചെയ്ത് സ്കൂളുകൾക്കു നൽകുന്ന പൊതു ചോദ്യപ്പേപ്പർ ചോരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഹയർ സെക്കൻഡറി പൊതുപരീക്ഷാ ചോദ്യപ്പേപ്പർ മോഷണംപോയ കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാൻ ഇതേവരെയും പോലീസിനു സാധിച്ചിട്ടില്ല.
ചോദ്യപ്പേപ്പർ ഓൺലൈൻ പരിശീലകർക്ക് ചോർന്നു ലഭിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്തി കർശന നടപടികൾ സ്വീകരിച്ച് പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിട മൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് എന്നിവർ ആവശ്യപ്പെട്ടു.