കാനനപാതവഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക ദർശന സൗകര്യം
1487729
Tuesday, December 17, 2024 4:55 AM IST
ശബരിമല: പുല്ലുമേട്, എരുമേലി - അഴുത കാനനപാതകളിലൂടെ കിലോമീറ്ററുകൾ നടന്നു ശബരിമലയിലെത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ബഹുദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും.
പമ്പയിൽനിന്ന് സ്വാമി അയ്യപ്പൻ റോഡുവഴി സന്നിധാനത്തേക്കു കടത്തിവിടും. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.
മരക്കൂട്ടത്തുവച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർഥാടകർക്ക് ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തു പ്രവേശിക്കുന്നതിനു വിലക്കുണ്ടാകില്ല.
വണ്ടിപ്പെരിയാർ സത്രം-പുല്ലുമേട് നിന്നും എരുമേലിയിൽനിന്നും പ്രത്യേക പാതയിലൂടെ വന്നു നടപ്പന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്കായി സന്നിധാനത്തേക്ക് പ്രത്യേക വരി ഉണ്ടാകും.