കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റിന് എതിരേ അവിശ്വാസ നോട്ടീസ്
1488451
Thursday, December 19, 2024 8:13 AM IST
കോന്നി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിപിഎമ്മിലെ നീതു ചാർലിക്കെതിരേ യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി. യുഡിഎഫിലെ ഏഴ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
ഇളകൊള്ളൂർ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെ 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് അംഗബലം ഏഴായി ഉയർന്നതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ് നൽകിയത്. എൽഡിഎഫിന് ആറ് അംഗങ്ങളാണുള്ളത്. മുന്പ് യുഡിഎഫിലെ ഒരു അംഗം കൂറുമാറി എൽഡിഎഫിലെത്തി പ്രസിഡന്റായതിനു പിന്നാലെയാണ് വൈസ് പ്രസിഡന്റു സ്ഥാനവും എൽഡിഎഫിനു ലഭിച്ചത്. കൂറുമാറിയ അംഗം അയോഗ്യയാക്കപ്പെട്ട ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.