കരിനിയമങ്ങളിൽ മലയോരത്ത് ആശങ്ക; വനത്തിൽ കാലുകുത്തിയാൽ പിഴ 25,000
1488450
Thursday, December 19, 2024 8:13 AM IST
പത്തനംതിട്ട: വനത്തിൽ കാലുകുത്തിയാൽ പിഴയും തടവും അടക്കം ശിപാർശ ചെയ്യുന്ന കരിനിയമങ്ങൾക്കെതിരേ മലയോരത്ത് ആശങ്ക. വനനിയമം പൊളിച്ചെഴുതാനുള്ള നീക്കവുമായി വനംവകുപ്പ് നൽകിയ ശിപാർശകൾ മലയോരനിവാസികളുടേതടക്കം ഉറക്കം കെടുത്തുന്നതാണ്.
എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്പോഴും ഇത്തരത്തിൽ ഒരു നിയമനിർമാണത്തിനുള്ള ശിപാർശകൾ അംഗീകരിക്കേണ്ടിവന്ന സാഹചര്യം അവ്യക്തവുമാണ്. നിയമം നടപ്പായാൽ ഇത് ദുരുപയോഗം ചെയ്തു സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്യോഗസ്ഥർക്കാകുമെന്നതിൽ തർക്കമില്ല. കരടുവിജ്ഞാപനം പരിശോധിച്ച് വിശദീകരണം നൽകാൻ ഇന്നലെ മുഖ്യമന്ത്രി വനംമന്ത്രിയോടു നിർദേശിച്ചതു മാത്രമാണ് ഇപ്പോഴത്തെ ഏക ആശ്വാസം.
വനത്തിനുള്ളിൽ അനധികൃതമായി കടന്നാൽ 25,000 രൂപ പിഴ ചുമത്താനും കേസെടുക്കാനുമാണ് പുതിയ നിയമവ്യവസ്ഥ. വനത്തിൽ അനുവദനീയമായ വഴികളിലൂടെ സഞ്ചരിക്കുന്നതിനും പുഴകളിൽ മീൻ പിടിക്കുന്നതിനും ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കുന്നതിനും തടസമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. നിയമഭേദഗതി നവംബർ ഒന്നിലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. ഇതു ബില്ലായി അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സാധ്യത.
വനത്തിന് നാശമുണ്ടാക്കിയാലും കാൽലക്ഷം പിഴ
വനാതിർത്തിയിലോ ഉള്ളിലോ തീയിടുകയോ മറ്റു തരത്തിലോ നാശമുണ്ടാക്കിയാൽ 1000 മുതൽ 2500 രൂപവരെയാണ് നിലവിൽ പിഴയിടുന്നത്. ഇതു കാൽലക്ഷമായി ഉയർത്താനാണ് നിയമഭേദഗതിയിലെ ശിപാർശ. അതിർത്തി രേഖപ്പെടുത്തിയിരിക്കുന്ന ഒരു കല്ല് ഇളക്കിയാൽ കേസെടുക്കും. വനാതിർത്തിയിലോ വനത്തിന്റെ ഭാഗമായ പുഴയിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചാലും കേസുണ്ടാകും.
വനാതിർത്തിയിൽ കഴിയുന്നവരെയാണ് ഇത്തരം ഒരു നിയമം നടപ്പായാൽ ഏറെ ബാധിക്കുക. പത്തനംതിട്ട ജില്ലയുടെ നല്ലൊരു ഭാഗം പ്രദേശങ്ങളും വനാതിർത്തിയാണ്.
കേരളത്തിലെ തന്നെ ഏറ്റവും വിസ്തൃതമായ കോന്നി, റാന്നി വനമേഖലകൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ജില്ല. കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ നിരവധി വില്ലേജുകൾക്ക് വനാതിർത്തിയുണ്ട്. വനാതിർത്തിയിൽ താമസമാക്കിയവരും നിരവധിയാണ്.
നിലവിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന ഈ പ്രദേശങ്ങളിലുള്ളവരെ കൂടുതൽ കുരുക്കിലേക്ക് തള്ളിവിടാനാണ് പുതിയ വനംനിയമ ഭേദഗതിയിലൂടെ വനംവകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. കോന്നി താലൂക്കിൽ വനമേലയോടു ചേർന്ന പ്രദേശങ്ങൾ ഒഴിപ്പിച്ചെടുക്കാൻ വനംവകുപ്പ് പദ്ധതി തയാറാക്കിയിരുന്നതാണ്. ഫണ്ടിന്റെ ലഭ്യതക്കുറവിലാണ് പദ്ധതി മരവിപ്പിച്ചത്. നിയമഭേദഗതി കൂടി വരുന്നതോടെ പ്രദേശവാസികൾ സ്വയം ഒഴിഞ്ഞുപൊയ്ക്കൊള്ളുമെന്ന നിലയിലേക്കാണ് വനംവകുപ്പ് ചിന്താഗതിയെന്ന ആക്ഷേപം ഉയരുന്നു.
സാധാരണക്കാർക്കു നേരേയുള്ള കരിനിയമം അനുവദിക്കാനാകില്ലെന്ന് ഡി.കെ. ജോൺ
പത്തനംതിട്ട: സംസ്ഥാന വനംവകുപ്പ് കൊണ്ടുവരുന്ന നിയമഭേദഗതി സാധാരണക്കാരായ ആളുകൾക്കു നേരേയുള്ള കരിനിയമമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. കേരളത്തിലെ നിരവധി മേഖലകൾ വനാതിർത്തി പങ്കിടുന്നതാണ്. വനത്തിലേക്കു കയറിയാൽ പോലും ആരെയും അറസ്റ്റ് ചെയ്യാനും പിഴ ചുമത്താനുമുള്ള നീക്കം സാധാരണക്കാരെ ബാധിക്കുന്നതാണ്.
ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകി അവരുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള കരിനിയമം യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഡി.കെ. ജോൺ പറഞ്ഞു. ജനപ്രതിനിധികളെ പോലും നോക്കുകുത്തികളാക്കി നിയമഭേദഗതി കൊണ്ടുവരാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അതംഗീകരിക്കാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്യമൃഗശല്യം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾ വനംവകുപ്പിനും ഭരണാധികാരികൾക്കുമെതിരേ തിരിയുന്പോൾ അവരുടെ വായ അടപ്പിക്കാനുള്ള കുതന്ത്രമായാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും ഡി.കെ. ജോൺ കുറ്റപ്പെടുത്തി.
വാറന്റില്ലാതെ അറസ്റ്റ്
വനത്തിനുള്ളിൽ പ്രവേശിച്ചാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ വാച്ചർ അടക്കമുള്ളവർക്ക് അധികാരം നൽകുന്നതാണ് ഭേദഗതി. 1961ലെ നിയമമാണ് ഭേദഗതി ചെയ്യുന്നത്. വനം ആക്ടിലെ സെക്ഷൻ 63 ഭേദഗതി ചെയ്താണ് ഉദ്യോഗസ്ഥർക്ക് അധികാരം വർധിപ്പിച്ചിരിക്കുന്നത്.
വനവുമായി ബന്ധപ്പെട്ട ഏതുമേഖലയിലും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാര പരിധി വർധിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങൾക്ക് ആരെയും അറസ്റ്റ് ചെയ്യാൻ കഴിയും. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏത് ഫോറസ്റ്റ് ഓഫീസർമാർക്കും മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽനിന്ന് ആരെയും അറസ്റ്റ് ചെയ്ത തടങ്കലിൽവയ്ക്കാനും അധികാരമുണ്ട്.
നേരത്തേ ഡിഎഫ്ഒമാർക്കുണ്ടായിരുന്ന അധികാരമാണ് വീതംവച്ച് താഴേക്കു നൽകിയിിക്കുന്നത്. വ്യക്തികളെയോ അവർ ഉപയോഗിക്കുന്ന വാഹനമോ വീടോ ഒക്കെ വാറന്റ് കൂടാതെ തന്നെ പരിശോധിക്കാനും അധികാരമുണ്ട്.
വനത്തിന്റെ പരിധിയിൽവരുന്ന നദികളിലും തോടുകളിലും ഇറങ്ങുന്നവർക്കെതിരേ പോലും വനപാലകർക്ക് നടപടിയെടുക്കാനും പിഴ ചുമത്താനോ അറസ്റ്റ് ചെയ്യാനോ ആകും.