വിവാദങ്ങള്‍ സൃഷ്ടിച്ച് പരീക്ഷകള്‍ പ്രഹസനമാക്കരുത്: എന്‍ടിയു
1487716
Tuesday, December 17, 2024 4:43 AM IST
പത്തനംതിട്ട: സംസ്ഥാനവ്യാപകമായി നടക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാർഥികളെയും അധ്യാപകരെയും പൊതുസമൂഹത്തെയും ഒരേപോലെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് എൻടിയു ജില്ലാ കമ്മിറ്റി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍നിന്ന് അതേപടി പകര്‍ത്തിയെടുത്താണ് പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകള്‍ തയാറാക്കിയിരിക്കുന്നത്.
പ്ലസ് വണ്‍ ക്ലാസുകളിലെ ഭൂരിഭാഗം ചോദ്യപേപ്പറുകളിലും തെറ്റുകള്‍ നിറഞ്ഞിരിക്കുന്നു. പ്ലസ് ടു ഫിസിക്സ്, പത്താം തരത്തിലെ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ പല ചോദ്യങ്ങളും പകര്‍ത്തിയെഴുതിയതാണ്.
ചോദ്യപേപ്പറുകളില്‍ വന്ന ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷന് സെന്ററുകളുടെയും ഓണ്‍ലൈന്‍ പരിശീലകർക്കു ലഭിച്ചിരുന്നു. അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പര്‍ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയെയാണ് തുറന്നു കാട്ടുന്നത്.
ഇടതു സര്‍ക്കാരിന്റെ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് അനിത ജി.നായരുടെ അധ്യക്തയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സനല്‍ കുമാര്‍, എ. കെ. സജീവ്, ബി.മനോജ്, എസ്. ഗിരിജാദേവി, മനോജ് ബി. നായര്‍, രമേഷ്, ജ്യോതി ജി. നായര്‍, വിഭു നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു.