മുറിഞ്ഞകല്‍ അപകടം: രണ്ട് കുടുംബങ്ങളുടെ വേദന ഏറ്റെടുത്ത് മല്ലശേരി ഗ്രാമം
1488162
Wednesday, December 18, 2024 7:55 AM IST
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ നാലുപേരെ നഷ്ടപ്പെട്ട മല്ലശേരി ഗ്രാമം തേങ്ങുകയാണ്. ക്രിസ്മസ് ആഘോഷ പരിപാടികള്‍ അടക്കം തത്കാലം വേണ്ടെന്നുവച്ച് മല്ലശേരിയിലെ രണ്ട് കുടുംബങ്ങളുടെ വേദനയില്‍ നാട് ഒന്നടങ്കം പങ്കാളികളാകുകയാണ്. നാടൊട്ടുക്ക് നാലുപേരുടെയും ചിത്രങ്ങളടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് ആദരാഞ്ജലി അർപ്പിച്ചു വരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ പിഎം റോഡില്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിനു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ച മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ വീടുകളിലേക്ക് നിരവധിയാളുകൾ എത്തുന്നുണ്ട്.
അപകടത്തില്‍ മരിച്ച നാലുപേരുടെയും സംസ്കാരം നാളെ 12.30ന് മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ നടക്കും. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ പുറത്തെടുക്കും. രണ്ടു ഭവനങ്ങളിലുമെത്തിച്ച് പ്രാര്‍ഥന നടത്തിയശേഷം എട്ടോടെ പൂങ്കാവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. 12 വരെ പൊതുദര്‍ശനത്തിനു സൗകര്യമുണ്ടാകും.