തീർഥാടക തിരക്കിൽ ആംബുലൻസ് കുടുങ്ങി
1488161
Wednesday, December 18, 2024 7:55 AM IST
ശബരിമല: വലിയ നടപ്പന്തൽ ഭാഗത്തെ തിരക്ക് നിയന്ത്രണം പാളി, അത്യാസന്ന നിലയിലുള്ള രോഗിയുമായി പമ്പയിലേക്കുപോയ ആംബുലൻസ് തിരക്കിൽ കുടുങ്ങി. സന്നിധാനം കെഎസ്ഇബി ഓഫീസിനു മുമ്പിൽ നിന്നും ജ്യോതി നഗറിലേക്കുള്ള വഴിയടച്ച് പോലീസ് തീർഥാടകരെ ക്യൂ നിർത്തിയതാണ് പത്തുമിനിറ്റ് നേരത്തോളം ആംബുലൻസ് കുടുങ്ങാൻ ഇടയാക്കിയത്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി പമ്പയിലേക്ക് ആംബുലൻസിനു കടന്നു പോകേണ്ട എമർജൻസി വഴിയാണ് തീർഥാടകരെ വടംകെട്ടി തടഞ്ഞതുമൂലം തടസപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ന്യൂമോണിയ ബാധിതനായി ഓക്സിജന്റെ അളവ് കുറഞ്ഞതിനേ തുടർന്ന് അത്യാസന്ന നിലയിലായ ദേവസ്വം ബോർഡ് ജീവനക്കാരനുമായി സന്നിധാനം സർക്കാർ ആശുപത്രിയിൽ നിന്നും പമ്പയിലേക്കു പുറപ്പെട്ട ആംബുലൻസാണ് കുടുങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ടതിനേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വടം അഴിച്ചു മാറ്റി തിരക്ക് ഒഴിവാക്കി ആംബുലൻസ് കടത്തി വിടുകയായിരുന്നു.