നിലയ്ക്കലിൽ ജല അഥോറിറ്റി വക സ്ഥലത്ത് തീർഥാടകർക്ക് സൗകര്യം ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്
1488452
Thursday, December 19, 2024 8:13 AM IST
നിലയ്ക്കല്‍: ജല അഥോറിറ്റിയുടെ ആസ്തികളും വിഭവ ശേഷിയും ഉപയോഗപ്പെടുത്തി ജലവിതരണത്തിലൂടെ അല്ലാതെ വരുമാനം ( നോണ്‍ വാട്ടര്‍ റവന്യു ) ലഭിക്കുന്ന വിവിധ പദ്ധതികള്‍ നിലയ്ക്കലില്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍റണ്‍ പരിശോധിക്കുകയായിരുന്നു മന്ത്രി.
ജല അഥോറിറ്റിയുടെ ഏറെ പ്രധാനപ്പെട്ട പദ്ധതിയുടെ സാക്ഷാത്കാരത്തിലേക്കാണ് എത്തുന്നത്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും പെരുനാട് പഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്. നിലയ്ക്കലില്‍ മൂന്ന് സംഭരണികളിലായി 60 ലക്ഷം ലിറ്റര്‍ ജലം സംഭരിച്ച് വിവിധ സ്ഥലങ്ങളില്‍ എത്തിക്കും. അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
ജല സംഭരണികളുടെ താഴെയുള്ള സ്ഥലത്ത് മുറികള്നിര്മിച്ച് ഗസ്റ്റ് ഹൗസ്, ഡോര്‍മെറ്ററി ഭക്ഷണശാലകള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ഒരുക്കി ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എംഎല്‍എ, ശബരിമല എഡിഎം അരുണ്‍ എസ്. നായര്‍, ജല അഥോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ.എസ്. പ്രവീണ്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വിപിന്‍ ചന്ദ്രന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.