അമേരിക്കയിൽ പഠനവീസ വാഗ്ദാനം ചെയ്ത് 10.5 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റിൽ
1488455
Thursday, December 19, 2024 8:13 AM IST
തിരുവല്ല: വിദേശപഠനത്തിന് വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ ചതിച്ച് തട്ടിയെടുത്ത യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശേരിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ.കെ. രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാലു വിശ്വാസവഞ്ചനാക്കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചുനക്കര തെക്കേടത്ത് വീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി വിഷ്ണു മൂർത്തി എം.കെ. ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിന്റെ മകൾക്ക് യുഎസിൽ ഉപരിപഠനത്തിന് വീസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2022 ഏപ്രിൽ 14ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം 4.5 ലക്ഷം രൂപ നൽകി. തുടർന്ന്, 21 മുതൽ പലപ്പോഴായി ഭട്ടിന്റെ വെച്ചൂച്ചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽനിന്നു രാജിയുടെ റാന്നി കനറാ ബാങ്ക് അക്കൗണ്ടിലേക്കു ഗൂഗിൾപേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറിയെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ഭട്ട് തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചുവരികയായിരുന്നു രാജിയെ മഞ്ഞാടിയിൽ നിന്നാണ് പോലീസ് ഇൻസ്പെക്ടർ ബി. കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എസ്ഐ മുഹമ്മദ് സാലിഹ്, എസ് സിപിഒ മനോജ്, സിപിഒ പാർവതി എന്നിവരടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇവരെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ഇവർ യാത്ര ചെയ്തിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ എഐഎംഎസ് ട്രാവൽസ് എന്നപേരിൽ സ്ഥാപനം ഇവർക്കുണ്ടെന്നും എയർ, ബസ് ടിക്കറ്റുകൾ, വിദേശപഠന വീസകൾ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും രാജി പോലീസിനോടു പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.